ഇടുക്കി: മൂന്നാർ നയമക്കാട് എസ്റ്റേറ്റിൽ ഭീതി പരത്തിയ കടുവ കെണിയിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് ഇന്നലെ രാത്രി കടുവ കുടുങ്ങിയത്.
കടുവയെ വിദഗ്ധസംഘം പരിശോധിക്കുകയാണ്. കടുവ കെണിയിൽ കുടുങ്ങിയതോടെ ആശങ്ക ഒഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു.
എന്നാൽ പ്രദേശവാസികളിൽ നിന്നും ഭീതി വിട്ടു മാറിയിട്ടില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ചു പശുക്കളെ കടുവ കൊന്നിരുന്നു. ഇതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു.
തുടർന്ന് വനംവകുപ്പ് സ്ഥലത്ത് മൂന്നു കൂടുകൾ സ്ഥാപിച്ചു. കൂടാതെ പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകി. നാട്ടുകാർ വീടുകൾക്കു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
കെണിയിൽ കുടുങ്ങിയ കടുവയെ മൂന്നാറിലെ വനം വകുപ്പ് പരിസരത്തേയ്ക്ക് മാറ്റി. കടുവയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനായി വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘമാണ് പരിശോധിക്കുന്നത്.
കടുവയുടെ ആരോഗ്യനില പരിശോധിക്കൻ ഡോ. അരുണ് സക്കറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മൂന്നാറിലെത്തി പരിശോധന നടത്തുകയാണ്.
കടുവയെ തുറന്നു വിടുന്ന കാര്യത്തിൽ വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമെ അന്തിമ തീരുമാനത്തിലെത്തു. കാട്ടിലേയ്ക്ക് വിടാനാവുന്ന ആരോഗ്യനിലയില്ലാ കടുവയുള്ളതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.
ഇടതു കണ്ണിന് തിമിരം ബാധിച്ചിട്ടുണ്ട്. അതിനാൽ കാട്ടിലെ സ്വാഭാവിക ഇര തേടൽ അസാധ്യമാണ്. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള സാധ്യതകളും വനംവകുപ്പ് തേടുന്നുണ്ട്. കടുവയുടെ ആരോഗ്യസ്ഥിതി മനസിലാക്കിയതിനു ശേഷമായിരിക്കും വേണ്ടി വന്നാൽ ഇതിനു ക്രമീകരണമൊരുക്കുക.
ഇര തേടാൻ ശേഷിയുണ്ടെന്ന് ഉറപ്പായാൽ വനത്തിനുള്ളിൽ തുറന്നുവിടും. കടുവ കെണിയിലായതോടെ നയമക്കാട് മേഖലയിലെ കടുവഭീതി പൂർണമായും ഒഴിവായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.