കോയമ്പത്തൂർ: അവിനാശി ദുരന്തം ഇതിലും വലുതാകുമായിരുന്നു. അപകടത്തിൽ ബസിന്റെ ഡീസൽ ടാങ്കിനു തീ പിടിച്ചിരുന്നെങ്കിൽ എല്ലാം തീഗോളത്തിൽ അമരുമായിരുന്നു.
ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. ഹൃദയഭേദകമായിരുന്നു കാഴ്ച. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ. ഭക്ഷണപ്പൊതികൾ, കുടിവെള്ളക്കുപ്പികൾ, ബാഗുകൾ, നിരങ്ങിനീങ്ങി രക്ഷപ്പെടുത്തണമേ എന്ന് നിലവിളിക്കുന്നവർ. ഉറക്കത്തിൽത്തന്നെ മരണത്തിലേക്കു പോയവർ.
സംഭവിച്ചത് എന്തെന്നറിയാതെ അന്ധാളിച്ചു നിന്നവർ. ഒരുഭാഗം മൊത്തം തകർന്ന ബസിൽ ബാക്കിയുണ്ടായിരുന്നത് ഇതാണ് – രക്ഷാപ്രവർത്തകർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഒരു നാൾ വൈകി, മരണത്തിലേക്ക്
ബംഗളൂരുവിൽനിന്ന് ഒരുനാൾ വൈകി എറണാകുളത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ യാത്ര മരണയാത്രയായി. 17നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കു പോയത്.
18നു വൈകുന്നേരം എറണാകുളത്തേക്കു തിരിക്കേണ്ടതായിരുന്നു. എന്നാൽ യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരവ് ഒരു ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി തുടങ്ങിയ യാത്രയാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്.
ആകെ 48 യാത്രക്കാർ
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വന്ന കെഎസ്ആർടിസി വോൾവോ ബസിൽ ഉണ്ടായിരുന്നതു 48 യാത്രക്കാർ. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന് ഈ മൂന്നിടത്തു മാത്രമാണ് സ്റ്റോപ്പുകൾ ഉള്ളത്. റിസർവേഷൻ ചാർട്ട് പ്രകാരം എറണാകുളത്ത് 25 പേരും പാലക്കാട്ട് നാലുപേരും തൃശൂരിൽ 16 പേരുമാണ് ഇറങ്ങേണ്ടിയിരുന്നത്.
ദുരന്തത്തിലെത്തിയത് സമയം മാറ്റിയ യാത്ര
കൊച്ചി: അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബംഗളൂരു- എറണാകുളം ബസ് പതിവ് യാത്രാസമയം മാറ്റി സഞ്ചരിച്ചത് ദുരന്തത്തിലേക്ക്. യാത്രക്കാര്‍ കുറവായിരുന്നതിനാലാണ് 18ന് പുറപ്പെടേണ്ടിയിരുന്ന സര്‍വീസ് 19 ന് രാത്രിയിലേക്ക് മാറ്റിയത്.
ഈ നിര്‍ദേശം മുന്നോട്ടുവച്ചത് അപകടത്തില്‍ മരണപ്പെട്ട ബസ് ജീവനക്കാരായ ബൈജുവും ഗിരീഷും തന്നെയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18ന് രാത്രി എട്ടിന് പുറപ്പെട്ട് 19ന് രാവിലെ ഏഴരയ്ക്ക് എറണാകുളത്ത് എത്തേണ്ടതായിരുന്നു ഇവരുടെ സര്‍വീസ്. എന്നാല്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു.
ഇതോടെ ബൈജു എറണാകുളം ഡിപ്പോയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫിനെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ തീരെയില്ല, ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടമായിരിക്കുമെന്നും സര്‍വീസ് ഒരു ദിവസത്തേക്ക് നീട്ടിയാലോ എന്നും ചോദിച്ചു.
ശിവരാത്രി കൂടി ആയതുകൊണ്ട് സര്‍വീസ് മാറ്റുന്നത് യാത്രക്കാര്‍ക്കും സര്‍വീസിനും ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥര്‍ ആലോചിച്ച് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു.
അപകടത്തിൽപെട്ടവരുടെ പ്രതികരണങ്ങൾ
ആകെ മരവിപ്പായിരുന്നു (ശ്രീലക്ഷ്മി മേനോൻ, തൃശൂർ അമലനഗർ സ്വദേശിനി)
വല്ലാത്ത കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഞെട്ടിയുണർന്നത്. ആകെ മരവിപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്നു പെട്ടെന്നു മനസിലായില്ല. തൊട്ടടുത്തുണ്ടായിരുന്ന ആളെ കാണാനുണ്ടായിരുന്നില്ല. ഞാൻ ബസിന്റെ ആദ്യത്തെ സീറ്റിലായിരുന്നു. ഡ്രൈവറുടെ സീറ്റും അതിനു പിൻഭാഗവും പൂർണമായും തകർന്നിരിക്കുന്നതു കണ്ടു. ബസ് അപകടത്തിൽപെട്ടുവെന്നു മനസിലായി.
ഞാനിരുന്നതിന്റെ മറുവശത്താണ് ലോറി വന്നിടിച്ചത്. അല്ലായിരുന്നെങ്കിൽ ഇതു പറയാൻ ഞാനുണ്ടാവുമായിരുന്നില്ല. ബസിൽനിന്ന് ചിലരെല്ലാം പുറത്തിറങ്ങാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും പതിയെ പുറത്തിറങ്ങി. അപ്പോൾ സമയം വെളുപ്പിന് മൂന്നേമുക്കാലായിരുന്നു. നല്ല വേദനയുണ്ടായിരുന്നുവെങ്കിലും പുറത്തിറങ്ങി.
ബസിനു വെളിയിൽ റോഡിൽ പലരും പരിക്കേറ്റ് ഇരിക്കുന്നുണ്ടായിരുന്നു. രക്തം ഒഴുകുന്ന നിലയിലും അല്ലാതെയും. ഏറെ വൈകാതെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
എന്തു ചെയ്യണമെന്നറിയാതെയിരിക്കുമ്പോൾ ഒരു ആംബുലൻസ് വന്നു. ചെറിയ ആ ആംബുലൻസിൽ ഞാനുൾപ്പെടെ നാലുപേരെ കയറ്റി. അതിൽ ഒരു സ്ത്രീക്കു ബോധമുണ്ടായിരുന്നില്ല. അവരുടെ ശരീരത്തിൽനിന്നു രക്തം വാർന്നുപൊയ്ക്കൊണ്ടിരുന്നു.
ആശുപത്രിയിലെത്തിയ ഉടൻ എന്റെ എക്സ് റേ എടുത്തു. അരമണിക്കൂറിനുശേഷം ഡോക്ടർമാർ എന്നോടു കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചു.
ഇതിനിടെ വീട്ടിലേക്കു വിളിച്ച് അപകടവിവരമറിയിച്ചു. പേടിക്കാനൊന്നുമില്ലെന്നും വീട്ടുകാരോടു പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള തിരുപ്പൂരിലെ എന്റെ സുഹൃത്തിനെയും വിളിച്ചു വിവരം പറഞ്ഞു. അവരെത്തി എന്നെ അവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നു മനസിലായി. ദൈവത്തോടു നന്ദി പറയുന്നു.
സീറ്റിൽനിന്നു തെറിച്ചുപോയി (രാമചന്ദ്രൻ, ഇരിങ്ങാലക്കുട സ്വദേശി)
ഇടിയുടെ ആഘാതത്തിൽ സീറ്റിൽനിന്നു തെറിച്ചുപോയിരുന്നു. കണ്ണു തുറന്നുനോക്കുമ്പോൾ ഒന്നും തെളിഞ്ഞുകാണാത്ത സ്ഥിതി. ആകെയൊരു മഞ്ഞളിപ്പ്. പിന്നെ പതിയെ കാഴ്ചകൾ തെളിഞ്ഞു. മുന്നിൽ ആളുകൾ മേലേക്കുമേലെ വീണു കിടക്കുന്നു. ചിലരുടെ മുകളിൽ സീറ്റുകൾ മറിഞ്ഞുകിടക്കുന്നു.
എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോൾ പുറത്ത് ഒരു ട്രക്കിൽ വന്നവർ വലിയ ഇരുമ്പുപൈപ്പുകൊണ്ട് ബസിന്റെ വിൻഡോഗ്ലാസ് അടിച്ചുതകർത്താണ് ഞങ്ങൾക്കു പുറത്തിറങ്ങാൻ വഴിയൊരുക്കിയത്.
ഞങ്ങൾക്കൊപ്പം ബസിലുണ്ടായിരുന്ന ഒരു പെണ്‍കുട്ടി ഇടിയുടെ ആഘാതത്തിൽ ബസിൽനിന്നു പുറത്തേക്കു തെറിച്ച് റോഡിൽ തലയടിച്ചുവീണ് രക്തം വാർന്നു നിലവിളിക്കുന്ന കാഴ്ച കണ്ടു. എന്റെ തൊട്ടടുത്ത സീറ്റിലുണ്ടായിരുന്നയാളുടെ കാലിൽനിന്നു മാംസം അടർന്നുപോയിരുന്നു.
ചില്ലു തകർത്ത വിൻഡോയിലൂടെ പുറത്തു കടന്നപ്പോൾ റോഡിലാകെ രക്തം തളംകെട്ടിക്കിടക്കുകയാണ്. പരിക്കേറ്റവർ വാവിട്ടുകരയുന്നു. അപ്പോഴേക്കും വന്ന ആംബുലൻസിൽ റോഡിൽ തലയടിച്ചു വീണ ആ പെണ്‍കുട്ടിയെയും മറ്റുള്ളവരെയും കയറ്റി ഞങ്ങൾ തിരിപ്പൂരിലെ സ്വകാര്യ ആശുപത്രിയായ രേവതിയിലേക്കു പോയി.
അവിടെയെത്തിയപ്പോഴേക്കും ആ പെണ്‍കുട്ടിയുടെ ഓർമ നഷ്ടപ്പെട്ടിരുന്നു. എവിടെനിന്നാണ് വരുന്നതെന്നുപോലും പറയാൻ കഴിയാത്ത സ്ഥിതിയിലേക്ക് ആ പെണ്‍കുട്ടി മാറി. അവരെ ഉടനെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോയി.
എന്റെ പരിക്കുകൾ ഗുരുതരമല്ല. വിവരമറിഞ്ഞ് നാട്ടിൽനിന്നു ബന്ധുക്കൾ എത്തിയിട്ടുണ്ട്. മരണത്തെ മുന്നിൽകാണുകയെന്നു കേട്ടിട്ടുണ്ടെങ്കിലും ഇപ്പോഴത് അനുഭവിച്ചറിഞ്ഞു – രാമചന്ദ്രൻ ദീപികയോടു പറഞ്ഞു.
ഇരിങ്ങാലക്കുട ക്ഷേത്രത്തിനു സമീപത്താണ് രാമചന്ദ്രന്റെ വീട്. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന രാമചന്ദ്രൻ മകളുടെ പിറന്നാൾ ആഘോഷത്തിനാണ് ബംഗളൂരുവിൽനിന്നു പുറപ്പെട്ടത്.
24-നാണ് പിറന്നാളെങ്കിലും നേരത്തെ അവധിയെടുത്തു പുറപ്പെടുകയായിരുന്നു. നിസാര പരിക്കുകളുമായി നാട്ടിലേക്കു തിരിക്കുമ്പോൾ പുതിയ ജന്മം കിട്ടിയ ആശ്വാസത്തിലാണ് രാമചന്ദ്രൻ.
ജീവന് തിരിച്ചു നല്കിയ ആ സീറ്റ് (റസീം സേഠ്, ഇടക്കൊച്ചി)
പൂണ്ടിയിലെ ആശുപത്രിക്കിടക്കയില്‍ കിടന്നു ദൈവത്തോടു നന്ദി പറയുകയാണ് എറണാകുളം ഇടക്കൊച്ചി നസീമ മന്‍സിലില്‍ റസീം സേഠ് എന്ന നാല്പതുകാരന്.
ബംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു മടങ്ങാനായി ടിക്കറ്റ് ബുക്കു ചെയ്യാന്‍ എത്തിയപ്പോള്‍ ഒരു സീറ്റ് മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 40-ാം സീറ്റ്. ആ സീറ്റ് തനിക്ക് ജീവന് തിരികെ നല്‍കിയതിന്റെ ആശ്വാസത്തിലാണ് റസീം ഇപ്പോള്‍.
എറണാകുളം കലൂരിലെ ആര്‍ട്ട് ഇന്റീരിയര്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണു റസീം. കമ്പനി ആവശ്യവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ബംഗളൂരുവിലേക്കു പോയത്.
“കെഎസ്ആര്‍ടിസി വോള്‍വോ ബസില്‍ സീറ്റ് നമ്പര്‍ 40 ആയിരുന്നു എന്റേത്. ഏറ്റവും പുറകിലെ സീറ്റിന്റെ തൊട്ടു മുന്നിലേതായിരുന്നു എന്റെ ഇരിപ്പിടം.
ബസിലെ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്താണ് സംഭവിച്ചതെന്നൊന്നും മനസിലായില്ല. കാലില്‍ നല്ല വേദന ഉണ്ടായി. ബസിന്റെ ഗ്ലാസ് പൊട്ടിച്ചാണ് പുറത്തിറക്കിയത്. ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഞാനിന്ന്…”- റസീമിന്റെ വാക്കുകള്‍ മുറിഞ്ഞു.
“ഞാന്‍ മടിവാളയില്‍നിന്നാണ് ബസില്‍ കയറിയത്. ബുധനാഴ്ച രാത്രി 8.30 നു എത്തേണ്ട ബസ് മടിവാളയില്‍ എത്തിയപ്പോള്‍ 9.15 ആയി. യാത്രക്കാരെല്ലാവരും നല്ല ഉറക്കത്തിലും ആയിരുന്നു. ആശുപത്രിയില്‍ എത്തിയശേഷമാണ് എനിക്ക് ഓര്മ വന്നത്.
എന്റെ വലതുകാലില്‍ ഒടിവുണ്ട്. ചെറുതായി ശരീരവേദനയും ഉണ്ടായിരുന്നു.”- മുന്നില്‍ കണ്ട അപകടത്തിന്റെ ഭീതി വിട്ടുമാറാതെ റസീം പറഞ്ഞു.
നടുക്കം വിട്ടുമാറാതെ… ( അജയ് സന്തോഷ്, അങ്കമാലി)
അവിനാശി അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട അങ്കമാലി സ്വദേശി അജയ് സന്തോഷിന് ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കുന്പോൾ നെഞ്ചിനുള്ളിൽ ഇപ്പോഴും ഒരു നടുക്കമാണ്.
ഇടതുഭാഗത്തെ പിൻസീറ്റിലായിരുന്നതുകൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി. അല്ലായിരുന്നുവെങ്കിൽ ………ഭയം നിഴലിച്ച നിറകണ്ണുകളുമായി അജയ് പറഞ്ഞു.
അപ്രതീക്ഷിതമായുണ്ടായ ഇടിയുടെ ശബ്ദവും ആഘാതവും മൂലം ഞെട്ടിയുണർന്നപ്പോൾ കാൽ എടുക്കാനാവാതെ കന്പിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. മടിയിലും ചുമലിലുമായി ആളുകൾ കിടക്കുന്നു. ഒട്ടേറെ പേർ നിലത്തുവീണു കിടക്കുന്നു.
ബസിന്റെ ചില്ലുകൾ പൊട്ടിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ആരൊക്കെയൊ ചേർന്ന് ഓരോരുത്തരേയും ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇടതുകാലിനും ചെവിയുടെ താഴെയും നെറ്റിക്കും ചുണ്ടിനുമാണ് പരിക്കുള്ളത്. തിരുപ്പൂരിലെ ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ഓട്ടോറിക്ഷയിലാണ് റെയിൽവേ സ്റ്റേഷനിലേക്കു പോയത്.
നാട്ടിലെത്തിയ അജയ് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തി. വിദേശത്തുള്ള അച്ഛൻ സന്തോഷിന് അജയ് വീഡിയോ കോൾ ചെയ്തു. ബംഗളൂരു ദാസറഹള്ളി സപ്തഗിരി മെഡിക്കൽ കോളജിൽ ഒന്നാം വർഷ ഫിസിയോ തെറാപ്പി വിദ്യാർഥിയാണ് അജയ്.