ന്യൂയോർക്ക്: അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (ഫെഡ്) ഈ വർഷം ഏഴു തവണ പലിശ നിരക്ക് കൂട്ടുമെന്ന് നിക്ഷേപ ബാങ്ക് മോർഗൻ സ്റ്റാൻലി.ഈ വർഷത്തെ ആദ്യ പലിശവർധന ഇന്നലെ ഫെഡ് ഓപ്പൺ മാർക്കറ്റ്സ് കമ്മിറ്റി (എഫ്ഒഎംസി) പ്രഖ്യാപിക്കുന്നതിനു മുന്പായിരുന്നു പ്രവചനം.
ഓരോ തവണയും കാൽ ശതമാനം വീതം വർധിപ്പിച്ചാൽ വർഷാവസാനം അമേരിക്കയിലെ അടിസ്ഥാന പലിശ 2.5 ശതമാനമായി ഉയരും. മറ്റു പല നിക്ഷേപ ബാങ്കുകളും നാലു തവണ നിരക്ക് കൂട്ടി വർഷാവസാനം 1.75 ശതമാനം പലിശയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഫെഡ് കൂടുതൽ തവണ പലിശ കൂട്ടുന്നത് ഇന്ത്യയുടെയും ഇന്തോനേഷ്യയുടെയും കറൻസികളെ കരുത്തുറ്റതാക്കുമെന്ന് മോർഗൻ സ്റ്റാൻലി കരുതുന്നു.ഫെഡ് പലിശ കൂട്ടുന്നതിന്റെ പേരിൽ ഇന്ത്യയിൽനിന്നും മറ്റും വലിയ തോതിൽ പണം തിരിച്ചൊഴുകുകയില്ലെന്നാണു വിലയിരുത്തൽ. ഒന്നേകാൽ വർഷത്തിനിടെ രണ്ടു തവണ ഫെഡ് പലിശ കൂട്ടി. മടങ്ങിപ്പോകാനുള്ള പണം ആ അവസരങ്ങളിൽ മടങ്ങി. ഇനിയുള്ളത് ദീർഘകാല ലാഭം കാണുന്ന നിക്ഷേപങ്ങളാണ്.
പലിശ കൂട്ടുമെന്ന പ്രതീക്ഷയിൽ ഡോളർ പൊതുവേ കയറുകയും സ്വർണവില താഴുകയും ചെയ്തു. കൂടുതൽ തവണ പലിശ കൂട്ടുമെന്ന സൂചന ലഭിച്ചാൽ സ്വർണവില കുറേക്കൂടി താഴും. ഫെഡ് തീരുമാനം വരും മുന്പ് ഔൺസിന് 1200 ഡോളറിലായിരുന്നു സ്വർണവില.