മയാമി: മയാമി ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം സിംഗിൾസിൽ ലോക ഒന്നാം നന്പർ താരം റോജർ ഫെഡറർക്ക് തോൽവി. ലോക 175-ാം നന്പർ ഓസ്ട്രേലിയയുടെ തനാസി കോക്കിനാകിസാണ് ഫെഡററെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ കീഴടക്കിയത്. സ്കോർ: 3-6, 6-3, 7-6(7-4).
അടുത്തുവരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഉൾപ്പെടെയുള്ള ക്ലേ കോർട്ട് മത്സരങ്ങൾക്ക് താൻ ഉണ്ടാകില്ലെന്ന് സ്വിസ് താരം പ്രഖ്യാപിച്ചു. ഇതോടെ ലോക ഒന്നാം നന്പർ പദവി ഫെഡറർക്കു നഷ്ടപ്പെടും. രണ്ടാം റാങ്കിലുള്ള സ്പെയിനിന്റെ റാഫേൽ നദാൽ ഒന്നാം റാങ്കിലെത്തും.
ഇന്ത്യയുടെ യൂകി ഭാംബ്രിയും രണ്ടാം റൗണ്ടിൽ തോറ്റുപുറത്തായി. അമേരിക്കയുടെ ജാക് സോകാണ് 6-3, 7-6(7-3)ന് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്.വനിതാ സിംഗിൾസിൽ ലോക ഒന്നാം നന്പർ ഷിമോണ ഹാലെപ്പ് പുറത്തായി. അതേസമയം, ആംഗലിക് കെർബർ, വിക്ടോറിയ അസരെങ്ക, മുഗുരുസ തുടങ്ങിയവർ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.