മയാമി: 91-ാം കിരീടവുമായി ടെന്നീസ് ചക്രവര്‍ത്തി കളം നിറഞ്ഞപ്പോള്‍ കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരന് മയാമിയില്‍ നിന്നു കണ്ണീരോടെ മടക്കം. തന്റെ മൂന്നാം മയാമി മാസ്റ്റേഴ്സ് കിരീടം നേടിയ ഫെഡറര്‍ 6-3,6-4 എന്ന സ്കോറിനാണ് സുഹൃത്തും ചിരവൈരിയുമായ നദാലിനെ തോല്‍പ്പിച്ചത്. മയാമിയില്‍ അഞ്ചാം തവണയും കലാശപ്പോരാട്ടത്തില്‍ വീഴാനായിരുന്നു സ്പാനിഷ് കാളക്കൂറ്റന്റെ വിധി.
ക്രാന്‍ഡന്‍ പാര്‍ക്കിലെ ടെന്നീസ് കോര്‍ട്ടിലേക്ക് ഇതിഹാസതാരങ്ങളെ കാണികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. ഏവരും കാത്തിരുന്ന മത്സരത്തിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ മൂന്നു സര്‍വും നിലനിര്‍ത്തിയ ഇരുവരും 3-3 എന്ന സ്കോറില്‍ തുല്യത പാലിച്ചു. എന്നാല്‍ നാലാം ഗെയിമില്‍ തന്റെ സര്‍വ് നിലനിര്‍ത്തിയ ഫെഡറര്‍ എതിരാളിയുടെ സര്‍വ് ബ്രേക്ക് ചെയ്ത് 5-3ന്റെ ലീഡ് നേടി.
തുടര്‍ന്ന് തന്റെ സര്‍വീസ് നിലനിര്‍ത്തിയ ഫെഡറര്‍ 6-3ന് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും ഇരുവരും ഇഞ്ചോടിഞ്ച് പോരാട്ടം തുടര്‍ന്നു. ഇരുവരും സര്‍വുകള്‍ നിലനിര്‍ത്തി മുമ്പോട്ടു പോയപ്പോള്‍ സ്കോര്‍ 4-4 എന്ന നിലയിലെത്തി. എന്നാല്‍ അഞ്ചാം ഗെയിമില്‍ നദാലിന്റെ സര്‍വ് ബ്രേക്ക് ചെയ്ത ഫെഡറര്‍ കിരീടത്തിന്റെ തൊട്ടടുത്തെത്തി.
തൊട്ടടുത്ത ഗെയിമില്‍ പൊരുതിയ നദാല്‍ 30-30 എന്ന നിലയില്‍ വരെയെത്തിയെങ്കിലും. ഉജ്വലമായ ഒരു വിന്നറിലൂടെ ഫെഡറര്‍ 40-30 എന്ന നിലയില്‍ ലീഡ് നേടി. തൊട്ടടുത്ത നിമിഷം ഫെഡറര്‍ തൊടുത്ത സര്‍വീസ് റിട്ടേണ്‍ ചെയ്ത നദാലിന്റെ ഷോട്ട് കോര്‍ട്ടിനു പുറത്തു പതിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ആവേശം അണപൊട്ടി.
തുടര്‍ച്ചയായ മത്സരങ്ങളില്‍ റാഫേല്‍ നദാലിനെ തോല്‍പ്പിക്കാന്‍ സാധിച്ചതില്‍ അദ്ഭുതം തോന്നുന്നുവെന്നാണ് ഫെഡറര്‍ മത്സരശേഷം പറഞ്ഞത്. കളിമണ്‍ കോര്‍ട്ട് സീസണ് വരുന്നതിനാല്‍ താന്‍ അടുത്ത 10 ആഴ്ചക്കാലത്തേക്ക് ടെന്നീസില്‍ നിന്നു വിട്ടു നില്ക്കാന് പോവുകയാണെന്നും ഫെഡറര്‍ പറഞ്ഞു.
താന്‍ കണ്ടതില്‍ വച്ചേറ്റവും വലിയ തിരിച്ചുവരവാണ് ഫെഡററിന്റേതെന്നായിരുന്നു നദാലിന്റെ വാക്കുകള്‍. എന്നിരുന്നാലും ഈ വര്‍ഷം തുടര്‍ച്ചയായി മൂന്നു തവണ ഫെഡററോടു പരാജയപ്പെട്ടതില്‍ തനിക്കു ദുഃഖമുണ്ടെന്നും സ്പാനിഷ് താരം വ്യക്തമാക്കി.
2005ല്‍ ഇതേ മയാമിയില്‍ ആയിരുന്നു ആദ്യ ഫെഡല്‍(ഫെഡറര്‍+നദാല്‍) ഫൈനല്‍. അവിടെ നിന്ന് ഇതുവരെ 23 ഫൈനലുകളില്‍ നദാലും ഫെഡററും തമ്മില്‍ ഏറ്റുമുട്ടി. നദാലിനായിരുന്നു കൂടുതല്‍ വിജയം.
എന്നാല്‍ ഈ വര്‍ഷം ഏറ്റുമുട്ടിയ രണ്ടു ഫൈനലുകളിലും നദാലിനെ കടത്തിവെട്ടിക്കൊണ്ടുള്ള ഫെഡററുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനായിരുന്നു ടെന്നീസ് ലോകം കണ്ടത്. മയാമില്‍ നടന്നത് ഇരുവരും തമ്മില്‍ നടന്ന 37-ാമത്തെ മത്സരവും കൂടിയായിരുന്നു. ഈ വിജയമുള്‍പ്പെടെ 14 മത്സരങ്ങളില്‍ ഫെഡറര്‍ വിജയിച്ചപ്പോള്‍ 23 മത്സരങ്ങളില്‍ വിജയം നദാലിനൊപ്പമായിരുന്നു.
പരിക്കുമൂലം കഴിഞ്ഞ സീസന്റെ പകുതിയിലധികം നഷ്ടമായ ഫെഡറർ ഇത്തവണ മത്സരിച്ച നാലു ടൂര്‍ണമെന്റില്‍ മൂന്നിലും കപ്പുയര്ത്തര്ത്തിയാണ് സ്വപ്നതുല്യമായ ജൈത്രയാത്ര തുടരുന്നത്. എടിപി ടൂര്‍ മത്സരങ്ങളില്‍ ഈ സീസണില്‍ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് ഫെഡറര്‍ പരാജയമണഞ്ഞത്. ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിന്റെ രണ്ടാംറൗണ്ടില്‍ റഷ്യന്‍ താരം എവ്ജെനി ഡോണ്സ്കോയിക്കെതിരേ ആയിരുന്നു ആ തോല്‍വി.
മയാമിയിലെ കിരീടവിജയത്തോടെ തന്റെ കരിയറിലെ 26-ാം മാസ്റ്റേഴ്സ് കിരീടമാണ് ഫെഡറര്‍ നേടിയത്. 30 കിരീടം നേടിയ നൊവാക് ജോക്കോവിച്ചും 28 കിരീടം നേടിയ നദാലുമാണ് ഫെഡറര്‍ക്കു മുമ്പിലുള്ളത്. ആകെയുള്ള കിരീട നേട്ടത്തിലും ഫെഡറര്‍ മൂന്നാം സ്ഥാനത്താണ്.
109 കിരീടം നേടിയ ജിമ്മി കോണേഴ്സും 94 കിരീടം നേടിയ ഇവാന് ലെന്‍ഡലും മാത്രമാണ് ഫെഡറര്‍ക്കു മുമ്പിലുള്ളത്. വീണ്ടുമൊരു വിശ്രമമെടുത്ത് ഫെഡറര്‍ ഫ്രഞ്ച് ഓപ്പണ്‍ തയാറെടുക്കുമ്പോള്‍ എതിരാളികള്‍ക്ക് കരുതിയിരിക്കാം. കാരണം ഇത് ഫെഡററാണ്. എക്കാലത്തെയും മികച്ചവന്‍ എന്ന വിശേഷണത്തിനര്‍ഹനായ ഒരേയൊരാള്‍.