മെല്‍ബണ്‍: ഇതിഹാസ താരം റോജര്‍ ഫെഡററും ആറാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടവും തമ്മില്‍ ഇനി രണ്ടു ജയങ്ങളുടെ മാത്രം അകലം. ക്വാര്‍ട്ടറില്‍ ചെക്ക് താരം തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-6, 6-3, 6-4) തകര്‍ത്താണ് ഫെഡറര്‍ സെമിയിലേക്കുള്ള ടിക്കറ്റെടുത്തത്. അത്ര അനായാസമല്ലായിരുന്നു തുടക്കം.
ഫെഡററുടെ ആദ്യ സെര്‍വ് തന്നെ ബ്രേക്ക് ചെയ്ത് ബെര്‍ഡിച്ച് റോഡ് ലേവര്‍ അരീനയെ ഞെട്ടിച്ചു. ബെര്‍ഡിച്ച് 3-0ന് മുമ്പിലെത്തിയതിനു ശേഷമാണ് ഫെഡറർക്ക് ഒരു ഗെയിം നേടാനായത്.
ഒരുഘട്ടത്തില്‍ ബെര്‍ഡിച്ച് 5-2ന് മുമ്പിലെത്തിയതോടെ ഫെഡറര്‍ സെറ്റു കൈവിട്ടു എന്ന് ഏവരും ഉറപ്പിച്ചു. എന്നാല്‍, പുലി പതുങ്ങുന്നത് ആക്രമിക്കാനാണെന്നു വിളിച്ചോതുന്നതായിരുന്നു ഫെഡററുടെ പിന്നീടുള്ള പ്രകടനം. ബെര്‍ഡിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്ത ഫെഡറര്‍ മത്സരം ടൈബ്രേക്കറിലെത്തിച്ചു. ടൈബ്രേക്കറില്‍ ഒരു പോയിന്റ് മാത്രമാണ് ബെര്‍ഡിച്ചിന് നേടാനായത്.
രണ്ടാമത്തെ സെറ്റിലും ഫെഡറര്‍ ബെര്‍ഡിച്ചിനെ ബ്രേക്ക് ചെയ്തതോടെ സെറ്റ് 6-3ന് സ്വന്തം. മൂന്നാം സെറ്റില്‍ ആദ്യ സെര്‍വ് ഇരുവരും നിലനിര്‍ത്തിയെങ്കിലും ബെര്‍ഡിച്ചിന്റെ രണ്ടാം സെര്‍വ് ബ്രേക്ക് ചെയ്ത ഫെഡറര്‍ 2-1നു മുമ്പിലെത്തി. എന്നാല്‍ മത്സരത്തില്‍ രണ്ടാം തവണയും ഫെഡററെ ബ്രേക്ക് ചെയ്ത ബെര്‍ഡിച്ച് സ്കോര്‍ 2-2ല്‍ എത്തിച്ചു. അടിക്ക് തിരിച്ചടി എന്ന പോലെ ബെര്‍ഡിച്ചിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്ത് 3-2ന് മുമ്പിലെത്തിയ ഫെഡറര്‍ പിന്നീട് ഒരു അവസരവും നല്‍കാതെ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. 15 എയ്സുകളാണ് മത്സരത്തിൽ ഫെഡറര്‍ ഉതിര്‍ത്തത്.
ജോക്കോവിച്ചിനെ അട്ടിമറിച്ചെത്തിയ ദക്ഷിണ കൊറിയന്‍ താരം ഹയോണ്‍ ചുംഗിനെയാണ് ഫെഡറര്‍ സെമിയില്‍ എതിരിടേണ്ടത്. അമേരിക്കയുടെ ടെന്നിസ് സാന്‍ഡ്ഗ്രെനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് (6-4, 7-6, 6-3) കൊറിയന്‍ താരം ഫെഡററുമായുള്ള പോരാട്ടത്തിന് കളമൊരുക്കിയത്. ജോക്കോവിച്ചിനെ തോല്‍പ്പിച്ചിടത്തു നിന്ന് തുടങ്ങിയ ചുംഗിന് മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും വെല്ലുവിളിയുയര്‍ത്താന്‍ സാന്ഡ്ഗ്രെനായില്ല.
വനിതാ വിഭാഗത്തില്‍ മുന്‍ ചാമ്പ്യന്‍ ആഞ്ചലിക് കെര്‍ബര്‍, ലോക ഒന്നാം നമ്പര്‍ സിമോണാ ഹാലെപ് എന്നിവരും സെമിയിലെത്തി. അമേരിക്കന്‍ താരം മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകൾക്കു (6-1, 6-2) നിലംപരിശാക്കിയാണ് കെര്‍ബര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. കരിയറില്‍ രണ്ടാം തവണയാണ് കെര്‍ബര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തുന്നത്.
ചെക്ക് താരം കരോളിനാ പ്ലീഷ്കോവയെ 6-2, 6-3ന് തോല്‍പ്പിച്ചാണ് ആദ്യ ഗ്രാന്‍സ് ലാം ലക്ഷ്യം വയ്ക്കുന്ന സിമോണ ഹാലെപ് സെമിയിലെത്തിയത്. ഇന്നു നടക്കുന്ന സെമിയില്‍ ഹാലെപ് കെര്‍ബറെ നേരിടും. ബല്‍ജിയത്തിന്റെ യുവതാരം എലീസ് മെര്‍ട്ടെന്‍സും ഡാനിഷ് താരം കരോളിന് വോസ്നിയാസ്കിയും തമ്മിലാണ് ആദ്യ സെമി.
ബൊപ്പണ്ണ-ബാബോസ് സഖ്യം അവസാന നാലിൽ
അവശേഷിക്കുന്ന ഇന്ത്യന്‍ പ്രതീക്ഷയായ രോഹന് ബൊപ്പണ്ണ- ടിമിയ ബാബോസ്(ഹംഗറി) സഖ്യം മിക്സഡ് ഡബിള്‍സില്‍ സെമിയില്‍ കടന്നു. അമേരിക്കയുടെ അബിഗെയില്‍ സ്പിയേഴ്സ്-കൊളംബിയയുടെ യുവാന്‍ സെബാസ്റ്റ്യന്‍ സഖ്യത്തെ 6-4, 7-6ന് പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ-ബാബോസ് സഖ്യം അവസാന നാലില്‍ ഇടം പിടിച്ചത്.
വനിതാ ഡബിള്‍സില്‍ ടിമിയാ ബാബോസ്-ക്രിസ്റ്റീന മ്ലാദെനോവിച്ച് സഖ്യവും റഷ്യയുടെ ഏകത്രീന മകരോവ-എലീന വെസ്നീന സഖ്യവും തമ്മിലാണ് കലാശപ്പോരാട്ടം. സീ ഷുവി-ഷുവായി പെംഗ് സഖ്യത്തെ 6-2, 6-4ന് തോല്‍പ്പിച്ചാണ് ബാബോസ്-മ്ലാദെനോവിച്ച് സഖ്യം ഫൈനലിനു യോഗ്യത നേടിയത്.
റൊമാനിയയുടെ ഐറീന കാമെലിയ ബെഗു-മോണിക്ക നിക്കലെസ്കു സഖ്യത്തെ 6-4,6-3 നു മറികടന്നാണ് മകരോവ-വെസ്നീന സഖ്യത്തിന്റെ ഫൈനല്‍ പ്രവേശം. പുരുഷ ഡബിള്‍സില്‍ ഓസ്ട്രിയയുടെ ഒളിവര്‍ മരാച്ച്-ക്രൊയേഷ്യയുടെ മാറ്റെ പാവിക് സഖ്യവും കൊളംബിയയുടെ ഹുവാന്‍ സെബാസ്റ്റ്യന്‍ കാബാള്-റോബര്‍ട്ട് ഫറാ സഖ്യവും സെമിയിലെത്തി.
പുരുഷ സിംഗിള്‍സിലെ ആദ്യ സെമിയില്‍ ഇന്ന് ക്രൊയേഷ്യയുടെ മരിന് സിലിച്ചും ബ്രിട്ടീഷ് താരം കൈല്‍ എഡ്മണ്ടും തമ്മില്‍ ഏറ്റുമുട്ടും. വനിതാ സിംഗിള്‍സ് സെമി ഫൈനലുകളും ഇന്നു തന്നെയാണ് നടക്കുക.