പട്യാലയിൽ നിന്ന് സെബി മാത്യു
ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിവസം കോമണ്‍വെല്‍ത്ത് യോഗ്യത നേടി മൂന്നു താരങ്ങള്‍. പുരുഷ വിഭാഗം ഹൈജംപില്‍ സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് ഭേദിച്ചാണു ഡല്‍ഹി താരം തേജസ്വിന് ശങ്കര്‍ സ്വര്‍ണം നേടി കോമണ്‍വെല്‍ത്ത് യോഗ്യത നേടിയത്. പുരുഷ വിഭാഗം ഹൈജംപില്‍ വെള്ളി നേടിയ ഹരിയാന താരം സിദ്ധാര്‍ഥ് യാദവ് 2.25 മീറ്റര്‍ ഉയരത്തില്‍ ചാടി മീറ്റ് റിക്കാര്‍ഡ് മറികടന്നാണ് കോമണ്‍വെല്‍ത്ത് യോഗ്യത നേടിയത്. കേരള താരം സി. ശ്രീനിഷ് 2.14 മീറ്റര്‍ ഉയരത്തില്‍ ചാടി വെങ്കലം നേടി. വനിതകളുടെ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്നാടിന്റെ എല്‍. സൂര്യയും കോമണ്‍വെല്‍ത്ത് യോഗ്യത നേടി.
സുവര്‍ണ ഷീന
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ 13.31 മീറ്റര്‍ ചാടിയാണ് കേരളത്തിന്റെ എന്‍.വി. ഷീന സ്വര്‍ണം നേടിയത്. ഈയിനത്തില്‍ കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക് 13.90 മീറ്ററായിരുന്നു. ഹരിയാനയുടെ രേണു വെള്ളിയും തമിഴ്നാടിന്റെ ശിവ അന്‍പരശി വെങ്കലവും നേടി. മലയാളി താരം മയൂഖ ജോണിയുടെ പേരിലുള്ള 14.11 മീറ്ററാണ് ദേശീയ റിക്കാര്‍ഡ്. മീറ്റ് റിക്കാര്‍ഡ് അനീഷ വിജയന്റെ പേരിലുള്ള 13.57 മീറ്ററാണ്.
പോളില്‍ സുരേഖ
വനിതകളുടെ പോള്‍വോള്‍ട്ടില്‍ പത്തു സെന്റിമീറ്റര്‍ വ്യത്യാസത്തില്‍ കോമണ്‍വെല്‍ത്ത് യോഗ്യത നഷ്ടമായ തമിഴ്നാടിന്റെ വി.എസ് സുരേഖ സ്വര്‍ണം നേടി. 3.90 മീറ്റര്‍ ഉയരത്തിലാണ് സുരേഖ ചാടിയത്. നാലു മീറ്ററാണ് കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്. ഈയിനത്തില്‍ മീറ്റ്, ദേശീയ റിക്കാര്‍ഡുകള്‍ സുരേഖയുടെ പേരില്‍ തന്നെയാണ്. ദേശീയ റിക്കാര്‍ഡ് 4.15 മീറ്ററും മീറ്റ് റിക്കാര്‍ഡ് 4.05 മീറ്ററുമാണ്. 3.80 മീറ്റര്‍ ഉയരത്തില്‍ ചാടിയ കര്‍ണാടകയുടെ ഖ്യാതി വഖാരിയക്കാണ് വെള്ളി. 3.70 മീറ്റര്‍ ചാടിയ കേരളത്തിന്റെ കൃഷ്ണ രചന് വെങ്കലം നേടി.
ജാവലിനില്‍ അന്നു
വനിതകളുടെ ജാവലിന്‍ ത്രോയില്‍ 57.37 മീറ്റര്‍ എറിഞ്ഞ് ഉത്തര്‍പ്രദേശിന്റെ അന്നു റാണി സ്വര്‍ണം നേടി. ഈയിനത്തിലെ മീറ്റ്, ദേശീയ റിക്കാര്‍ഡുകള്‍ അന്നുവിന്റെ പേരില്‍ തന്നെയായിരുന്നെങ്കിലും ഇന്നലെ കോമണ്‍വെല്‍ത്ത് യോഗ്യത മറികടക്കാനായില്ല. 62.50 മീറ്ററായിരുന്നു കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്. അന്നുവിന്റെ പേരിലുള്ള ദേശീയ റിക്കാര്‍ഡും മീറ്റ് റിക്കാര്‍ഡും 61.86 മീറ്ററായിരുന്നു.
പതിനായിരത്തില്‍ സൂര്യയും ലക്ഷ്മണും
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ 32:23.96 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മീറ്റ് റിക്കാര്‍ഡ് സ്വര്‍ണത്തോടെ എല്‍. സൂര്യ കോമണ്‍വെല്‍ത്ത് യോഗ്യത നേടി. 32:30.00 സെക്കന്‍ഡായിരുന്നു കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്. മഹാരാഷ്ട്ര താരങ്ങളായ സഞ്ജീവിനി യാദവ് വെള്ളിയും സ്വാതി ഗാധവേ വെങ്കലവും നേടി. ഈയിനത്തിലെ സ്വാതി ഗാധവേയുടെ പേരിലുള്ള 32:53.73 സെക്കന്‍ഡ് എന്ന മീറ്റ് റിക്കാര്‍ഡാണ് സൂര്യ മറികടന്നത്. ഈ വിഭാഗത്തിലെ ദേശീയ റിക്കാര്‍ഡായ 31:50.47 സെക്കന്‍ഡ് മലയാളി താരം പ്രീജ ശ്രീധരന്റെ പേരിലുള്ളതാണ്.
പുരുഷന്മാരുടെ 10,000 മീറ്ററില്‍ തമിഴ്നാടിന്റെ ജി. ലക്ഷ്മണന് 29:31.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടി. 28:00.00 ആയിരുന്നു കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്. ഗുജറാത്തിന്റെ ഗാവിത് മുരളി വെള്ളിയും ഉത്തര്‍പ്രദേശിന്റെ അഭിഷേക് പാല് വെങ്കലവും നേടി.
ഡിസ്കസില്‍ ധര്‍മരാജ്
പുരുഷ വിഭാഗം ഡിസ്കസ് ത്രോയില്‍ 55.35 മീറ്റര്‍ എറിഞ്ഞ ഉത്തര്‍പ്രദേശിന്റെ ധര്‍മരാജ് യാദവ് സ്വര്‍ണം നേടി. 62 മീറ്ററായിരുന്നു കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്.
ഹൈജംപില്‍ ഹൈവോള്ട്ടായി തേജസ്വിന് ശങ്കര്‍
കോയമ്പത്തൂരില്‍ നിന്ന് ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ തേജസ്വിന് ശങ്കര്‍ പ്രതീക്ഷകളുടെ ചിറകിലേറിയാണ് കോമണ്‍വെല്‍ത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ ഒരുങ്ങുന്നത്. പുരുഷ വിഭാഗം ഹൈജംപില്‍ 2016ല്‍ സ്വന്തം പേരില്‍ കുറിച്ച 2.26 എന്ന ദേശീയ റിക്കാര്‍ഡ് മറികടന്നാണ് തേജസ്വിന് ഇന്നലെ സുവര്ണനേട്ടത്തോടൊപ്പം കോമണ്‍വെല്‍ത്ത് യോഗ്യത ഉറപ്പിച്ചത്. 2.25 മീറ്ററായിരുന്നു കോമണ്‍വെല്‍ത്ത് യോഗ്യത മാര്‍ക്ക്. അടുത്തയിടെ കാന്‍സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നടന്ന ഇന്‍ഡോര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ തേജസ്വിന് 2.28 മീറ്റര്‍ ചാടിയിരുന്നു.
പത്തൊന്‍പതുകാരനായ തേജസ്വിന് നാലു വര്‍ഷത്തെ അത്ലറ്റിക് സ്കോളര്‍ഷിപ്പ് നേടി അമേരിക്കയിലെ കാന്‍സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നത്. ക്ലിഫ് റൊവേള്ട്ടോ ആണ് പരിശീലകന്. ഇന്ത്യന്‍ ക്രിക്കറ്റ്് താരം വീരേന്ദര്‍ സെവാഗിന്റെ ആരാധകനായിരുന്ന തേജസ്വിന് ക്രിക്കറ്റ് മോഹം വെടിഞ്ഞാണ് ഹൈജംപിലേക്കു തിരിഞ്ഞത്. ജന്മനാടായ കോയമ്പത്തൂരില്‍ വെച്ചു നടന്ന ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പിലാണ് തേജസ്വിന് സ്വന്തം പേരില്‍ ദേശീയ റിക്കാര്‍ഡ് നേടിയത്.
പുരുഷ വിഭാഗം ഹൈജംപില്‍ 90 വര്‍ഷം (1928) മുന്‍പ് ക്യൂബന്‍ താരം ഹാവിയര്‍ സോട്ടോമേയര്‍ കുറിച്ച 2.45 മീറ്റര്‍ ലോക റിക്കാര്‍ഡ് ഇതുവരെ ആരും മറികടന്നിട്ടില്ല. 2.39 മീറ്റര്‍ ഉയരത്തില്‍ ചാടിയ ചാള്‍സ് ഓസ്റ്റിന്റെ പേരിലാണ് ഒളിമ്പിക് റിക്കാര്‍ഡ്. 2014ല്‍ ഗ്ലാസ്ഗോയില്‍ കാനഡയുടെ ഡെറക് ഡ്രൗവിന്‍ 2.31 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചതാണ് ഈ വിഭാഗത്തിലെ കോമണ്‍വെല്‍ത്ത് റിക്കാര്‍ഡ്.
ഇന്നലെ പട്യാലയില്‍ 2.28 മീറ്റര്‍ ഉയരത്തില്‍ പുതിയ ദേശീയ റിക്കാര്‍ഡിട്ട ശേഷം തേജസ്വിനും 2.31 എന്ന ഉയരം മറികടക്കാനുള്ള ശ്രമങ്ങള്‍ മൂന്നു തവണ നടത്തി പരിക്കിനെ ഭയന്ന് പിന്മാറുകയായിരുന്നു. ഈയിനത്തില്‍ വെള്ളി നേടിയ ഹരിയാനയുടെ സിദ്ധാര്‍ഥ് യാദവും മികച്ച മത്സരമാണു കാഴ്ചവെച്ചത്. 2.21 എന്ന മീറ്റ് റിക്കാര്‍ഡ് മറികടന്നാണ് സിദ്ധാര്‍ഥ് 2.25 മീറ്റര്‍ ചാടി വെള്ളിയും കോമണ്‍വെല്‍ത്ത് യോഗ്യതയും ഉറപ്പിച്ചത്.