ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗത്തിനൊപ്പം ഒരു സെൽഫിയെടുത്താലോ… ഇപ്പോൾ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള ടെന്നീസ് താരം റോജർ ഫെഡറർ അത്തരത്തിലൊരു സെൽഫിയെടുത്തു. റോട്ട്നെസ്റ്റ് ദ്വീപിലെ ക്വോക്ക മൃഗങ്ങളുടെയൊപ്പമാണ് അദ്ദേഹം സെൽഫിയെടുത്തത്. മൃഗങ്ങളുടെയൊപ്പം സെൽഫിയെടുത്താൽ അപൂർവമായേ നല്ലൊരു ചിത്രം ലഭിക്കൂ. കുറേ ചിത്രമെടുത്തതിനൊപ്പം ഫെഡറർക്കും കിട്ടി അത്തരത്തിലൊരു നല്ല പടം. ഫെഡറർക്കൊപ്പം ചിരിച്ചുകൊണ്ടിരിക്കുന്ന ക്വോക്ക.
ഓസ്ട്രേലിയയിലെ റോട്ട്നെസ്റ്റ് ദ്വീപിൽ കാണപ്പെടുന്ന ക്വോക്കകളെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മൃഗങ്ങൾ എന്നാണ് വിശേഷിപ്പിക്കാറ്. സദാസമയവും ചുറുചുറുക്കോടെ നടക്കുന്നതും ആരോടും സൗഹൃത്തോടെ പെരുമാറുന്നതും ക്വോക്കകൾക്ക് ഈ വിശേഷണം നേടിക്കൊടുത്തു. പ്രകൃതിയിലെ ഇരപിടിയന്മാർ ഈ ദ്വീപിലില്ലാത്തതിനാൽ ക്വോക്കകൾ സമാധാനത്തോടെയാണ് ഇവിടെ വിഹരിക്കുന്നത്. എന്നാൽ, മനുഷ്യരുടെ അടുത്തേക്ക് അല്പം ഭീതിയോടെ മാത്രമേ ഇക്കൂട്ടർ വരൂ.
“വലിയ എലിയാണെന്നാണ് തനിക്ക് ആദ്യം തോന്നിയത്. എന്നാൽ, ചെറിയ കംഗാരുവിനോടാണ് ഇവയ്ക്ക് കൂടുതൽ സാമ്യം. ഭംഗിയുള്ളവരാണിവർ”- ഫെഡറർ ട്വിറ്ററിൽ കുറിച്ചു. ക്വാക്കകളുടെയൊപ്പമുള്ള ഫെഡററുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാണ്.