ലണ്ടൻ: ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിംബിൾഡണ്‍ നേടിയ താരമെന്ന ബഹുമതി സ്വിസ് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ ക്രൊയേഷ്യയുടെ മാരിൻ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്കു തകർത്തതോടെയാണ് എട്ടാം തവണ വിംബിൾഡണ്‍ കിരീടത്തിൽ ഫെഡറർ മുത്തമിട്ടത്. സ്കോർ: 6-3, 6-1, 6-4.
അമേരിക്കൻ ഇതിഹാസം പീറ്റ് സാംപ്രസിന്റെയും വില്ല്യം റെന്‍ഷോയുടെയും ഏഴു വിംബിൾഡണ്‍ കിരീടം എന്ന റിക്കാർഡാണ് ഫെഡെക്സ് മറികടന്നത്. 19-ാം നൂറ്റാണ്ടിണ്ടിലായിരുന്നു വില്യം റെൻഷോയുടെ കിരീടനേട്ടം.
വിംബിൾഡണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം ചെന്ന കളിക്കാരനെന്ന അപൂർവ നേട്ടവും ഇതോടെ 36കാരനായ ഫെഡററെ തേടിയെത്തി. വർഷാദ്യം നടന്ന ഓസ്ട്രേലിയൻ ഓപ്പണും ഫെഡറർ സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പണിൽനിന്നു പിന്മാറിയ ഫെഡറർ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് വിംബിൾഡണ്‍ ഫൈനൽ വരെയെത്തിയത്. ഫൈനലിലും അദ്ദേഹം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്തിയില്ല.
2012ലാണ് ഫെഡറർ അവസാനമായി വിംബിൾഡണ്‍ സ്വന്തമാക്കിയത്. 2003ൽ കരിയറിലെ ആദ്യ വിംബിൾഡണ്‍ നേടിയ ഫെഡെക്സിന്റെ ഗ്രാൻസ്ലാം കിരീടങ്ങൾ ഇതോടെ 19 ആയി. 11-ാം തവണയാണ് ഫെഡറർ വിംബിൾഡണ്‍ ഫൈനലിൽ കടക്കുന്നത്. ഏതെങ്കിലും ഒരു ഗ്രാൻസ്ലാമിൽ ഏറ്റവും കൂടുതൽ തവണ ഫൈനലിലെത്തുന്ന താരവും ഫെഡക്സ് തന്നെ. 10 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ റാഫേൽ നദാലിനെയാണ് 11 തവണ വിംബിൾഡണ്‍ ഫൈനലിലെത്തിയ ഫെഡറർ പിന്തള്ളിയത്.