ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം ദിവസം പട്യാലയിലെ ട്രാക്കില്‍ റിക്കാര്‍ഡുകള്‍ തിരുത്തിയെഴുതി വനിതകള്‍. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി താരം ആര്. അനു മീറ്റ് റിക്കാര്‍ഡോടെയാണു സ്വര്‍ണം നേടിയത്. പാലക്കാട് സ്വദേശിയായ അനു സംസ്ഥാന വനം വകുപ്പില്‍ സീനിയര്‍ സൂപ്രണ്ടാണ്. ചാമ്പ്യന്‍ ഷിപ്പിന്റെ ഒന്നാം ദിവസമായ ഇന്നലെ രണ്ട് മീറ്റ് റിക്കാര്‍ഡും ഒരു ദേശീയ റിക്കാര്ഡുമാണ് കുറിച്ചത്.
15 വര്‍ഷത്തെ റിക്കാര്‍ഡ് തിരുത്തി അനു
400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 15 വര്‍ഷം പഴക്കമുള്ള മീറ്റ് റിക്കാര്‍ഡാണ് അനു ഓടിത്തിരുത്തിയത്. 57.39 സെക്കൻഡിലായിരുന്നു അനുവിന്റെ ഫിനിഷിംഗ്. 2002ല്‍ ചെന്നൈയില്‍ നടന്ന ഫെഡറേഷന് കപ്പില്‍ 57.60 സമയം കുറിച്ച ഷഹബാനി ഓറത്തിന്റെ റിക്കാര്‍ഡാണ് പട്യാലയിലെ ട്രാക്കില്‍ അനു ഇന്നലെ മറികടന്നത്. ട്രാക്കില്‍ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച അനു ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി.
പുരുഷ വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം മഞ്ചേരി സ്വദേശി എം.പി. ജാബിര്‍ സ്വര്‍ണം നേടി. 50.47 സെക്കൻഡിലാണ് ജാബിര്‍ ഫിനിഷ് ചെയ്തത്. നാവികസേനാ താരമായ ജാബിര്‍ പരിക്കിന് ശേഷമുള്ള തിരിച്ചു വരവില്‍ മികച്ച പ്രകടനമാണ് ഇന്നലെ പട്യാലയില്‍ കാഴ്ചവച്ചത്. കഴിഞ്ഞ ഫെഡറേഷന് കപ്പില്‍ അഞ്ചാം സ്ഥാനത്തായിരുന്ന ജാബിറിന്റെ സീനിയര്‍ വിഭാഗത്തില്‍ ലഭിക്കുന്ന ആദ്യ സ്വര്‍ണമാണിത്. 50.36 സെക്കന്റായിരുന്നു ജാബിറിന്റെ ട്രാക്കിലെ മികച്ച സമയം.
ചരിത്രം തിരുത്തി വനിതകള്‍
അനുവിനു പുറമേ, വനിതകളുടെ ഷോട്ട്പുട്ടില്‍ ഹരിയാനയില്‍ നിന്നുള്ള മന്‍പ്രീത് കൗര്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടി. 1997ല്‍ ഹര്‍ബന്‍സ് കൗര്‍ ചെന്നൈയില്‍ നേടിയ 16.94 മീറ്റർ മീറ്റ് റിക്കാര്‍ഡ് ഇന്നലെ 17.04 മീറ്റര്‍ എറിഞ്ഞിട്ടാണ് മന്‍പ്രീത് സ്വന്തം പേരില്‍ കുറിച്ചത്.
ഹാമര്‍ ത്രോയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സരിത സിംഗ് മീറ്റ് റിക്കാര്‍ഡും ദേശീയ റിക്കാര്‍ഡും മറികടന്നു സ്വര്‍ണം നേടി. 2014ല്‍ പട്യാലയിലും ലക്നോവിലും മഞ്ജുബാല നേടിയ 62.15, 62. 74 എന്ന റിക്കാര്‍ഡുകളാണ് സരിത എന്നലെ എറിഞ്ഞിട്ടത്.
5000 മീറ്ററില്‍ സഹോദര സ്വര്‍ണം
5000മീറ്റര്‍ ഫൈനലില്‍ തമിനാടിന്റെ ജി. ലക്ഷ്മണ് സ്വര്‍ണം നേടി. 14:02.90 എന്ന സമയത്തിലാണ് ലക്ഷ്മണ് ഓടിയെത്തിയത്. 14:05.04ല്‍ ഓടിയെത്തിയ ഗുജറാത്തിന്റെ മുരളിക്കാണു രണ്ടാം സ്ഥാനം. കേരളത്തിന്റെ ടി. ഗോപി 14:09.01 ലാണ് നാലാമതായി ഫിനിഷ് ചെയ്തത്. വനിതകളുടെ 5000 മീറ്ററില്‍ തമിഴ്നാടിന്റെ തന്നെ എല്‍. സൂര്യ 15:54.78 എന്ന സമയത്ത് ഒന്നാമതായി ഓടിയെത്തി. ലക്ഷ്മണും സൂര്യയും സഹോദരീ സഹോദരന്മാരാണ്. 5000 മീറ്ററില്‍ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന മലയാളി താരം ടി. ഗോപിക്ക് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നത് മലയാളി ക്യാമ്പിന് നിരാശയായി.
ഉയരങ്ങളില്ലാതെ ഹൈജംപ്
ഹൈജംപില്‍ മലയാളി താരങ്ങളായ ജിനു മരിയ മാനുവല്‍, എയ്ഞ്ചല്‍ പി. ദേവസ്യ, മരിയന്‍ സി. തര്യന് എന്നിവര്‍ക്കു മെഡല്‍ നേടാനായില്ല. ജിനു നാലാം സ്ഥാനത്ത് എത്തിയപ്പോള്‍ കര്‍ണാടകയുടെ സഹനകുമാരി സ്വര്‍ണം നേടി. പോള്‍വോള്‍ട്ടിലും കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ മെഡലുകള്‍ എത്തിപ്പിടിക്കാതെ നിരാശരായി.
മീറ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഒമ്പതു ഫൈനലുകള്‍ അരങ്ങേറും. 20 കിലോമീറ്റര്‍ നടത്ത മത്സരമാണ് ആദ്യയിനം. പിന്നീട് ഗ്ലാമര്‍ പോരാട്ടങ്ങളായ 800, മീറ്റര്‍ 200 മീറ്റര്‍ ഫൈനലുകളും അരങ്ങേറും.
800 മീറ്ററില്‍ മലയാളി പ്രതീക്ഷകളായ ടിന്റു ലൂക്ക, അബിതാ മേരി മാനുവല്‍, ജിന്സണ് ജോണ്സണ്, സജീഷ് ജോസഫ്, പി. മുഹമ്മദ് അഫ്സല് തുടങ്ങിയവര്‍ ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്.
പട്യാലയില്‍ നിന്ന് സെബി മാത്യു