കൊച്ചി: കേരളത്തിലെ കാഴ്ച വൈകല്യമുള്ളവരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സമരത്തിലേക്ക്. സംസ്ഥാന സർക്കാർ കാഴ്ചവൈകല്യമുള്ളവരോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ ഒന്നിന് സംഘടനയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച വേളയിൽ കാഴ്ചവൈകല്യമുള്ളവരുടെ പെൻഷൻ തുക വർധിപ്പിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ 40 ശതമാനം കാഴ്ച വൈകല്യമുള്ളവർക്കാണ് സർക്കാർ പെൻഷൻ തുക വർധിപ്പിച്ചത്. 80 ശതമാനത്തിലേറെ വൈകല്യമുള്ളവർക്ക് ഈ വർധന നൽകിയില്ല.
അതിനാൽ ക്ഷേമപെൻഷൻ 100 രൂപ വർധിപ്പിക്കണമെന്നും ഇപ്പോൾ നൽകിവരുന്ന ക്ഷേമപെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു. ഇതടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി തവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
കാഴ്ചയില്ലാത്തവരുടെ ഇൻസൈറ്റ് പ്രോജക്ട് പുനരാരംഭിക്കുക, കാഴ്ചയില്ലാത്ത ലോട്ടറി വിൽപനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ധർണയുടെ ഭാഗമായി ഉയർത്തിക്കാട്ടുമെന്നും അവർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ.ജെ. വർഗീസ്, ജയരാജ് എ.പയസ്, രാജു ജോർജ്, രാധാകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ്