മയാമി: ടെന്നീസ് ചക്രവർത്തി റോജര്‍ ഫെഡറർ കളം നിറഞ്ഞപ്പോൾ അമേരിക്കന്‍ താരം ജോണ്‍ ഇസ്നർക്ക് മയാമിയില്‍ നിന്നു കണ്ണീരോടെ മടക്കം. മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് ഫൈനലില്‍ നിലവിലെ ചാമ്പ്യനായ ഇസ്നറെ 6-1, 6-4ന് ഫെഡറർ പരാജയപ്പെടുത്തി. കരിയറിലെ 101-ാം കിരീടമാണ് ഫെഡറർ മയാമിയിൽ ഉയർത്തിയത്.
സ്വിസ് താരത്തിന്റെ തിരിച്ചുവരവായിരുന്നു മയാമിയിൽ ടെന്നീസ് ലോകം കണ്ടത്. ഒരു മണിക്കൂർ മൂന്നു മിനിറ്റ് നീണ്ട ഫൈനലിന്റെ ഒരു ഘട്ടത്തിൽ പോലും ഫെഡറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഇസ്നര്‍ സാധിച്ചില്ല. മത്സരത്തിനിടെ ഇടതുകാലിന് പരിക്കേറ്റ ഇസ്നര്‍ ആ വേദന സഹിച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്.
കരിയറില്‍ ഏറ്റവും കൂടുതല്‍ കിരീട നേട്ടമെന്ന റെക്കോഡിലേക്ക് ഫെഡറര്‍ക്ക് അധിക ദൂരമില്ല. ആകെയുള്ള കിരീട നേട്ടത്തിൽ ഫെഡറർ രണ്ടാം സ്ഥാനത്താണ്. 109 കിരീടങ്ങള്‍ നേടിയിട്ടുള്ള ജിമ്മി കോണേഴ്സ് ആണ് ഫെഡറര്‍ക്ക് മുന്നിലുള്ളത്. 94 കിരീടം നേടിയ ഇവാൻ ലെൻഡലാണ് മൂന്നാം സ്ഥാനത്ത്.