കോട്ടയം: ജില്ലയിൽ രണ്ടു മുലയൂട്ടൽ കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള പദ്ധതി തുടക്കത്തിലെ പാളി. അമ്മമാർ കൂടുതൽ എത്തുന്ന പാലാ, മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് രണ്ടു മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കാനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചത്.
പദ്ധതിക്കായി കേന്ദ്രങ്ങൾ സ്ഥാപിക്കാനായി ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല.പൊതു സ്ഥലങ്ങളിൽ പാലുകുടിക്കാനായി കരയുന്ന കുഞ്ഞുമായി വിഷമിക്കുന്ന അമ്മമാർക്ക് കൈത്താങ്ങാകാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ആദ്യഘട്ടത്തിൽ തന്നെ പാളിയത്.
സംസ്ഥാനത്തെ എല്ലാ ജില്ലയിലും രണ്ടുവീതം കേന്ദ്രങ്ങൾ സ്ഥാപിക്കാൻ വനിതാ ശിശുവികസന വകുപ്പ് തീരുമാനിച്ചിരുന്നത്.ഇതിനായി ജില്ലയിൽ പാലാ, മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡുകളെ തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്നാണ് ഇവിടെ ബ്രസ്റ്റ് ഫീഡിംഗ് പോഡ് സ്ഥാപിക്കാൻ ജില്ല വനിതാ ശിശുവികസന വകുപ്പ് അധികൃതർ ടെണ്ടർ ക്ഷണിച്ചത്.
കഴിഞ്ഞമാസം 17 നകം ടെണ്ടർ സമർപ്പിക്കണമെന്ന് പരസ്യങ്ങളും നൽകിയിരുന്നു. സമരപരിധി കഴിഞ്ഞിട്ടും ആരും ടെണ്ടർ സമർപ്പിച്ചില്ല.ടെണ്ടർ വിവരങ്ങൾ നേരത്തെ വിവിധ സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾക്കും വനിതാ ശിശുവികസന വകുപ്പ് അധികൃതർ കൈമാറിയിരുന്നു.
ഏറ്റെടുക്കാൻ ആരും എത്താതായതോടെ ജില്ലാ അധികൃതർ സംസ്ഥാനതലത്തിനിന്നുള്ള നിർദേശം കാത്തിരിക്കുകയാണ്.
സംസ്ഥാനതലത്തിൽ കൊല്ലം ജില്ലയിൽ ഒഴികെ മറ്റൊരിടത്തും പദ്ധതി ഏറ്റെടുക്കാൻ ആളില്ലാത്ത സാഹചര്യമാണ്. വിവിധ സ്ഥലങ്ങളിൽ ഇ-ടോയ്ലെറ്റ് മാതൃകയിലാണ് മുലയൂട്ടൽ കേന്ദ്രം നിർമിക്കുന്നത്.
ഒരുലക്ഷം രൂപയോളമാണ് ഒന്നിന് ചെലവ് പ്രതീക്ഷിക്കുന്നത്. അമ്മയുടെയും കുഞ്ഞിന്റെയും സ്വകാര്യതയ്ക്കും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിയായിരിക്കും മുലയൂട്ടൽ കേന്ദ്രങ്ങളെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
ഇതിൽ ഫാൻ, ലൈറ്റ്, വാഷ് ബെയ്സൺ എന്നീ സൗകര്യങ്ങളും വിഭാവനം ചെയ്തിരുന്നു. വൈദ്യുതി, സുരക്ഷ എന്നിവയ്ക്കായി അതാത് തദ്ദേശസ്ഥാപനങ്ങളുമായി സഹകരണവും തേടിയിരുന്നു.ജില്ലയിലെ ചില സ്ഥലങ്ങളിൽ മുലയൂട്ടൽ കേന്ദ്രങ്ങളുണ്ടെങ്കിലും ഇവ പ്രവർത്തിക്കുന്നില്ല.