തൃശൂർ: ഓണ്‍ലൈൻ തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുക്കുന്ന അന്തർ സംസ്ഥാന സംഘത്തിന്റെ തലവനെ പോലീസ് അറസ്റ്റു ചെയ്തു.
രാജസ്ഥാൻ ഉദയപൂർ സ്വദേശി ദീപക് സേത്തിയ(36) ആണ് പിടിയിലായത്. ഓണ്‍ലൈൻ തട്ടിപ്പുകാർക്കിടയിൽ ഡോണ്‍ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. തോംസണ്‍ ഗ്രൂപ്പ് കന്പനിയുടെ ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ബാങ്കിന്റെ മെയിലുകളും ഹാക്ക് ചെയ്ത് ആറു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
കന്പനി അയച്ച മെയിലുകളിൽ തിരുത്തൽ വരുത്തിയായിരുന്നു തട്ടിപ്പ്. പിന്നീട് മൂന്നുകോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും ബാങ്കിനു മെയിലുകളിൽ സംശയം തോന്നുകയും കന്പനിയെ അറിയിക്കുകയും ചെയ്തപ്പോഴാണു തട്ടിപ്പിനെക്കുറിച്ച് അറിയുന്നത്.
പരാതി ലഭിച്ചതിനെതുടർന്ന് തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് സിഐയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട രണ്ടുപേരെ മുംബൈയിൽനിന്ന് മുൻപ് അറസ്റ്റ് ചെയ്തിരുന്നു.
ഓണ്‍ലൈൻ തട്ടിപ്പിന്റെ വഴികൾ
ഓണ്‍ലൈനിൽ തട്ടിപ്പു നടത്തുന്ന സംഘം ആദ്യം ചെയ്യുന്നത് വ്യാജമായി ഉണ്ടാക്കിയ ഐഡി കാർഡുകൾ ഉപയോഗിച്ച് മുംബൈ, ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സ്ഥലങ്ങളിൽ ഫ്ളാറ്റുകൾ വാടകയ്ക്ക് എടുക്കുകയാണ്.
അതിനുശേഷം ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്ത കരാർ പേപ്പറുകൾ ഉപയോഗിച്ച് ആധാർ കാർഡിലെ അഡ്രസുകൾ പുതിയ ഫ്ളാറ്റിലേക്കു മാറ്റും. പിന്നീട് പുതിയ ആധാർ കാർഡ് ഉപയോഗിച്ച് മൊബൈൽ നന്പറുകൾ എടുക്കുകയും വ്യാജമായി നിർമിച്ച പാൻകാർഡുകളും ഡ്രൈവിംഗ് ലൈസൻസുകളും ഉപയോഗിച്ച് പുതിയ ഒരു ഇൻഡസ്ട്രിയൽ കന്പനി ഉണ്ടാക്കും. അതിനുശേഷം വ്യാജമായി ഉണ്ടാക്കിയ കന്പനിയുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്നാണ് തട്ടിപ്പുകൾ നടത്തുന്നത്.
വ്യാജ അക്കൗണ്ടുകളിൽ ചെറിയ പണമിടപാടുകൾ നടത്തി ബാങ്കിന്റെ വിശ്വാസ്യത നേടിയെടുക്കും. പിന്നീട് ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട ആളുകൾ വിവിധ ബാങ്കുകളുടെയും കന്പനികളുടെയും ബാങ്ക് അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്യുകയും ഓണ്‍ലൈൻ തട്ടിപ്പിലൂടെ ഇവർ വ്യാജമായി ഉണ്ടാക്കിയ വ്യാജ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം തട്ടിയെടുക്കുകയും ചെയ്യും. പണം അപ്പോൾ തന്നെ പിൻവലിച്ച് ഹവാല ഇടപാടുവഴി വിദേശത്തേക്കു കടത്തുകയാണ്് ചെയ്തിരുന്നത്.