ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന്റെ ഓക്‌സിജന്‍ തിയറിയ്ക്കുശേഷം അടുത്ത മണ്ടത്തരവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. വൃന്ദാവനില്‍ കുരങ്ങുകളുടെ ശല്യം സഹിക്കാന്‍ വയ്യ എന്ന പരാതി ഏറി വരുന്ന സാഹചര്യത്തിലാണ് അതിന് പരിഹാരമെന്ന നിലയില്‍ യോഗി അടുത്ത മണ്ടന്‍ പ്രസ്താവന ഇറക്കിയത്.
വൃന്ദാവനിലെ കുരങ്ങുകളുടെ ശല്യം രൂക്ഷമായതോടെ അത് പരിഹരിക്കാന്‍ എല്ലാദിവസവും ഹനുമാന്‍ ശ്ലോകം ചൊല്ലിയാല്‍ മതിയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണിപ്പോള്‍ വിവാദമായിരിക്കുന്നത്.
എല്ലാദിവസവും ഹനുമാനെ ആരാധിക്കുകയും, ഹനുമാന്‍ ശ്ലോകം ചൊല്ലുകയും ചെയ്താല്‍ കുരങ്ങുകള്‍ ആരേയും ഉപദ്രവിക്കില്ല. മഥുരയിലെത്തിയ യോഗി പ്രതിവിധിയായി നിര്‍ദേശിച്ചു. സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു പരിഹാരം മുന്നോട്ട് വയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറയുന്നുണ്ട്.
താന്‍ ഗോരഖ്നാഥ് ധാമം ഓഫീസില്‍ ജോലി ചെയ്യുന്ന സമയത്ത് എന്നും കുരങ്ങന്മാര്‍ സമീപത്ത് വരുമായിരുന്നുവെന്നും, ഇവര്‍ക്ക് താന്‍ പഴങ്ങള്‍ നല്‍കുമായിരുന്നു എന്നും പറഞ്ഞ ആദിത്യനാഥ്, താന്‍ ശാസിച്ചപ്പോള്‍ ഒരാളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കുരങ്ങ് പിന്തിരിഞ്ഞതായും പറഞ്ഞു. കുരങ്ങുകളെ സ്നേഹിച്ചാല്‍ അവ തിരിച്ചും സ്നേഹിക്കും, ഭയപ്പെടുത്തിയാല്‍ ആക്രമിക്കും.
ഏതായാലും മന്ത്രിയുടെ പ്രസ്താവനയെ സോഷ്യല്‍മീഡിയ ട്രോളി കൊല്ലുകയാണ്. ബിപ്ലബിന്റെ വിടുവായത്തം ഒന്ന് മറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അടുത്ത മുഖ്യമന്ത്രി അടുത്ത മണ്ടത്തരവുമായി എത്തിയിരിക്കുന്നത് എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.