താരസംഘടനായ എ.എം.എം.എയില്‍ നിന്ന് പുറത്താക്കുമ്പോള്‍ നടന്‍ തിലകന്‍ വിശദീകരണം കൊടുത്തില്ലെന്ന ഭാരവാഹികളുടെ വാദങ്ങളെ തള്ളി തിലകന്റെ മകള്‍ സോണിയ. അച്ഛന്റെ വിശദീകരണക്കത്ത് താനാണ് ഇടവേള ബാബുവിന് നല്‍കിയതെന്ന് സോണിയയെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
ഒരു കാലത്ത് തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് സംഘടനയെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ വിവാദത്തിലെത്തിച്ചിരിക്കുന്നത്. 2010ല്‍ സംഘടനയില്‍ നിന്ന് പുറത്താക്കുമ്പോള്‍ അച്ഛന്‍ വിശദീകരണം കൊടുത്തില്ല എന്നാണ് അതിന്റെ ഭാരവാഹികള്‍ പറഞ്ഞത്. ഞാനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയ്യില്‍ കൊടുത്തത്.
അച്ചടക്ക നടപടിക്ക് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയിട്ട് മഹാനടനോട് ‘ഇറങ്ങിപ്പോടോ’ എന്നാണ് പറഞ്ഞതെന്നും സോണിയ കൂട്ടിച്ചേര്‍ത്തു. സംഘടനയില്‍ നിന്നു പുറത്താക്കിയതിന്റെ വിഷമം അച്ഛന്‍ പുറത്തുപറഞ്ഞില്ല. നേരത്തേ കരാറായ ഏഴോളം സിനിമകളില്‍ നിന്ന് അച്ഛനെ ഒഴിവാക്കിയെന്നും സോണിയ പറയുന്നു. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നു മടങ്ങേണ്ടി വന്നു.
‘ഫെഫ്ക’യും എതിരായി നിന്നു. സംവിധായകന്‍ രഞ്ജിത് ‘ഇന്ത്യന്‍ റൂപ്പി’ എന്ന ചിത്രത്തില്‍ വിലക്ക് ലംഘിച്ച് അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പ് സിനിമാ സംഘടനകളില്‍ നിന്ന് ഉണ്ടായി.’ ആ സിനിമ കാണാന്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അന്നത്തെ സന്തോഷം കണ്ടപ്പോള്‍ ആദ്യ ചിത്രം കാണാന്‍ പോവുകയാണോ എന്നു തോന്നി.
സിനിമ തുടങ്ങിക്കഴിഞ്ഞിട്ട് പോകാമെന്നാണ് അച്ഛന്‍ പറഞ്ഞത്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ടൗവ്വല്‍ തലയിലിട്ടാണ് തിയേറ്ററിലേക്ക് കടന്നത്. സിനിമയിലെ ഒരു രംഗത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം അച്ഛന്റെ കഥാപാത്രത്തോടു ചോദിക്കുന്നു. ‘ഇത്രയും നാള്‍ എവിടെയായിരുന്നു?’ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.
ആ സീനിലെ അഭിനയത്തിന് പ്രേക്ഷകര്‍ ചൊരിഞ്ഞ ആ അംഗീകാരം എന്നെയും ഏറെ സന്തോഷിപ്പിച്ചു. ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുന്നു. അന്ന് തിലകന്‍ എന്ന പേര് പറയാന്‍ പോലും നടീനടന്മാര്‍ മടിച്ചിരുന്നു. അത്രയ്ക്ക് പേടിയായിരുന്നു സിനിമയിലെ ഫ്യൂഡല്‍ മാടമ്പിമാരെ സോണിയ കൂട്ടിച്ചേര്‍ത്തു. താരസംഘടനയായ എ.എം.എം.എയ്ക്കും സൂപ്പര്‍താര പദവികള്‍ക്കുമെതിരെ തുറന്നടിച്ചതിനായിരുന്നു തിലകനെ ‘അച്ചടക്കമില്ലായ്മ’യുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്.
‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് നല്‍കിയ ശേഷം ഫെഫ്ക ഇടപ്പെട്ടതിനെ തുടര്‍ന്നു തിലകനെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു തിലകന്‍ എ.എം.എം.എയ്ക്കും ഫെഫ്കയ്ക്കുമെതിരെ രംഗത്തുവന്നത്.
മലയാള സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയില്‍ നിന്നും പിരിഞ്ഞ് പുതിയ സംഘടന ആരംഭിച്ചതിന്റെ പേരില്‍ അപ്രഖ്യാപിത വിലക്ക് നേരിടുന്ന സംവിധായകന്‍ വിനയന്റെ സിനിമയില്‍ തിലകന്‍ അഭിനയിച്ചതായിരുന്നു ഫെഫ്ക ഭാരവാഹികളെ ചൊടിപ്പിച്ചത്.