കൊച്ചി: സിനിമാ മേഖലയിൽ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി ഫെഫ്ക കേരള സിനി ഡ്രൈവേഴ്സ് യൂണിയൻ ‘സുരക്ഷിത യാത്ര’ എന്ന പേരിൽ പുതിയ ഒരു പദ്ധതിക്ക് തുടക്കം. ഫെഫ്കയുടെ ഓഫീസിൽ പ്രസിഡന്റ് സിബി മലയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നിഖില വിമൽ ഉദ്ഘാടനം ചെയ്തു.
ഈ പദ്ധതിയുടെ ഉദ്ദേശം സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന കേരള സിനി ഡ്രൈവേഴ്സ് യൂണിയന്റെ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷിതയാത്ര ഒരുക്കുക എന്നതാണ്. ഇത്തരത്തിലുള്ള ഒരു സജ്ജീകരണം ഇന്ത്യയിൽ ആദ്യമായിട്ടാണെന്ന് സിബി മലയിൽ പറഞ്ഞു.
ഇതിനായി എല്ലാ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർക്ക് കാണാനാകുന്ന ഭാഗത്ത് വാഹനം ഓടിക്കുന്ന അംഗത്തിന്റെ പേരും മെമ്പർ ഐഡി നമ്പറും കൂടാതെ ക്യു ആർ കോഡും ഉള്ള ഒരു കാർഡ് ഉണ്ടാകും. വാഹനം സംബന്ധിച്ചോ വാഹനത്തിന്റെ ഡ്രൈവറെ സംബന്ധിച്ചോ എന്തെങ്കിലും തരത്തിലുള്ള പരാതി ഉണ്ടെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്താൽ മെമ്പറുടെ വിശദാശംങ്ങളടക്കം ഇതിനായി മാത്രം ക്രമീകരിച്ചിരിക്കുന്ന ഒരു വാട്സ്ആപ്പ് നമ്പറിലേക്ക് വരികയും അപ്പോൾ തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്യും. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പുതുവർഷത്തിൽ എല്ലാ അംഗങ്ങൾക്കും നൽകാൻ സജ്ജമാക്കിയ കലണ്ടറിന്റെ പ്രകാശനം നിഖിലാ വിമലിന് നൽകി ഫെഫ്ക പ്രസിഡന്റ് സിബി മലയിൽ നിർവഹിച്ചു. 2025-2026 കാലയളവിലേക്കുള്ള പുതിയ ഐഡി കാർഡിന്റെ വിതരണോദ്ഘാടനം ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ നിർവഹിച്ചു.