മാഹി: മദ്യലഹരിയിൽ കാർ ഓടിച്ച യുവതി സ്കൂട്ടർ യാത്രികരായ ദന്പതികളെ ഇടിച്ചു വീഴ്ത്തി. ആളുകൾ കൂടിയതോടെ നടുറോഡിൽ പരാക്രമവും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബൈക്ക് യാത്രികന്റെ ഫോൺ തട്ടിപ്പറിച്ച് റോഡിൽ എറിഞ്ഞുടച്ചു.
പന്തക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പന്തോക്കാവിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു വടക്കുന്പാട് സ്വദേശിനിയായ യുവതിയുടെ പരാക്രമം. മൂഴിക്കരയിലെ പ്രശാന്തും ഭാര്യയും കുട്ടിയും സഞ്ചരിച്ച സ്കൂട്ടറിലാണ് കാർ ഇടിച്ചത്. അപകടത്തിൽ മൂവർക്കും പരിക്കേറ്റു.
അപകടം നടന്നയുടനെ പരിസരവാസികൾ കൂട്ടമായി എത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു.
ഇതിനിടെ ബൈക്ക് യാത്രികനായ പാനൂർ സ്വദേശി എന്താണ് കാര്യമെന്ന് തിരിക്കിയപ്പോൾ പ്രകോപിതയായ യുവതി ഇയാളുടെ മൊബൈൽ ഫോൺ ബലമായി പിടിച്ചെടുത്ത് റോഡിൽ എറിഞ്ഞുടയക്കുകയും സമീപത്തുണ്ടായിരുന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പന്തക്കൽ എസ്ഐ പി.പി. ജയരാജൻ, എഎസ്ഐ എ.വി.മനോജ് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെയും യുവതി ഓടിച്ചു വന്ന കാറും കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിന് യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.