ന്യൂഡൽഹി: ജില്ലാ ജഡ്ജി ലൈംഗികമായ അതിക്രമം നടത്തിയെന്നും മരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഉത്തർപ്രദേശിലെ വനിതാ ജഡ്ജിയുടെ കത്തിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് റിപ്പോർട്ട് തേടി.
ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ ഒരു വനിതാ ജഡ്ജിയാണ് കത്തെഴുതിയത്. ബന്ദ ജില്ലയിലെത്തന്നെ ഒരു ജില്ലാ ജഡ്ജിക്കെതിരേ തയാറാക്കിയ കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അലഹബാദ് ഹൈക്കോടതിയോടാണ് ചീഫ് ജസ്റ്റീസ് റിപ്പോര്‍ട്ട് തേടിയത്. ഉടന്‍ മറുപടി നല്‍കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
“എല്ലാ പരിധികളും ലംഘിച്ചുള്ള ലൈംഗികാതിക്രമത്തിന് താൻ ഇരയായി. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. രാത്രിയില്‍ വന്നു കാണാന്‍ ആവശ്യപ്പെട്ടു. കരിയറിൽ അനുഭവിക്കുന്ന അധിക്ഷേപവും പീഡനവും സഹിക്കാനാകുന്നില്ല.
ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണു തനിക്ക് തോന്നുന്നത്. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ല. അന്തസോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണം’ – വനിതാ ജഡ്ജിയുടെ രണ്ടുപേജുള്ള കത്തിൽ പറയുന്നു.
സാധാരണക്കാർക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയുമാണ് ഞാൻ ജുഡീഷൽ സർവീസിൽ ചേർന്നത്. എന്നാൽ നീതിക്കുവേണ്ടി യാചകയാവേണ്ട അവസ്ഥയാണ് തനിക്കുള്ളത്. ഡയസിൽ പോലും മോശം പദങ്ങൾ കൊണ്ട് അപമാനിക്കപ്പെട്ടു. ലൈംഗിക പീഡനത്തിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം വലിയ തമാശയാണെന്നും വനിതാ ജഡ്ജി കത്തിൽ പറയുന്നു.
2023 ജൂലൈയിൽ ഹൈക്കോടതിയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം പ്രഹസനമായിരുന്നു. ജില്ലാ ജഡ്ജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണു സാക്ഷികളായിട്ടുള്ളത്. തങ്ങളുടെ ബോസിനെതിരേ ഉദ്യോഗസ്ഥർ സാക്ഷി പറയുമെന്ന് കമ്മിറ്റി പ്രതീക്ഷിച്ചതെങ്ങനെയെന്നു മനസിലാകുന്നില്ല.
അന്വേഷണം നീതിപൂർവം പൂർത്തിയാക്കാൻ വേണ്ടി ജില്ലാ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ വെറും എട്ട് സെക്കൻഡുകൾക്കുള്ളിൽ സുപ്രംകോടതി അപേക്ഷ തള്ളിയെന്നും കത്തിൽ സൂചിപ്പിക്കുന്നു.