കോഴിക്കോട്: ബംഗളൂരുവിൽനിന്നു സ്ത്രീകളെ നഗരത്തിൽ എത്തിച്ച് പെൺവാണിഭം നടത്തിയ സംഭവത്തിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കും. പ്രായപൂർത്തിയാവാത്ത കുട്ടികളെ മാംസവ്യാപാരത്തിന് എത്തിച്ചോയെന്നും അന്വേഷിക്കുമെന്നു കസബ സിഐ അറിയിച്ചു.
കൂടുതൽ അന്വേഷണത്തിനായി പ്രതികളെ വിട്ടുകിട്ടുന്നതിന് പോലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും. കേസിൽ പിടിയിലായ മലപ്പുറം വള്ളിക്കുന്ന് മങ്ങാട്ടുഞാലിൽ സനീഷ് (35), പാലക്കാട് ആലത്തൂർ പത്തനാപുരം ഷമീർ (33) എന്നിവരുടെ കസ്റ്റഡി അപേക്ഷയാണ് കസബ പോലീസ് നാളെ കോടതിയിൽ സമർപ്പിക്കുന്നത്.
സംഭവത്തിൽ കൂടുതൽ ഇടനിലക്കാരില്ലെന്നാണു പ്രാഥമിക അന്വേഷണത്തിൽ പോലീസിന് കണ്ടെത്താൻ സാധിച്ചതെന്നും സിഐ പറഞ്ഞു. ഇരകളായി എത്ര പേർ ഇവരുടെ വലയിൽ കുടുങ്ങി എന്നതാണു കാര്യമായി അന്വേഷിക്കുന്നത്.
ബംഗളൂരുവിൽനിന്ന് പത്തു സ ്ത്രീകളെ നഗരത്തിൽ എത്തിച്ചു വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചാണ് സംഘം പെൺവാണിഭം നടത്തിയത്.
വെബ്സൈറ്റിൽ നന്പർ നൽകിയ സംഘം ഇടപാടുകാർക്ക് വാട്സാപ്പ് വഴി യുവതികളുടെ ഫോട്ടോ അയച്ചു നൽകിയാണ് സ്ത്രീകളെ എത്തിച്ചിരുന്നുത്.
ഒരാളിൽനിന്ന് 3000 മുതൽ 5000 രൂപ വരെ വാങ്ങിയാണ് സംഘം വാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന കോടതി വിധിയെ മറയാക്കിയാണ് ഇക്കൂട്ടർ പെൺവാണിഭം നടത്തുന്നതെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ പണം വാങ്ങിയുള്ള കച്ചവടം ഇന്നും രാജ്യത്തു കുറ്റകരമാണെന്നും ഇതിനെതിരേ നടപടി ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.