കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിൽ തകർന്ന ഫെൻസിംഗ് പുനഃസ്ഥാപിച്ചില്ല. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാനകളിറങ്ങി നാശം വരുത്തുകയാണ്. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ കോട്ടപ്പാറ വനാതിർത്തിയിൽ 40 ലക്ഷം രൂപ മുടക്കിയാണ് സോളാർ ഫെൻസിംഗ് സ്ഥാപിച്ചത്.
ഒരു വർഷം തികയും മുന്പ് ഫെൻസിംഗ് സംവിധാനം പ്രയോജനമില്ലാത്ത അവസ്ഥയിലെത്തി. ഫെൻസിംഗിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ആനക്കൂട്ടം നിരന്തരം കൃഷിഭൂമികളിലും പുരയിടങ്ങളിലുമെത്തുന്ന അവസ്ഥയാണുള്ളത്.
വാവേലി, കുളങ്ങാട്ടുകുഴി, വേട്ടാന്പാറ എന്നിവിടങ്ങളിലെല്ലാം ആനകൾ വലിയ ഭീതി പരത്തുകയാണ്. വേട്ടാന്പാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ 15 പേരുടെ കൃഷിയിടങ്ങളിൽ ആനകൾ നാശം വിതച്ചു. രാത്രിസമയങ്ങളിലാണ് ആനകക്കൂട്ടം നാട്ടിലിറങ്ങുന്നത്.
പല ദിവസങ്ങളിലും നേരം പുലർന്നാലും അവ കാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയുണ്ട്. പുലർച്ചെ റബർ ടാ്പ്പിംഗിന് പോകുന്നവരും ഭീതിയിലാണ്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഫെൻസിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് ആനശല്യം രൂഷമാകാൻ കാരണം.
ഫെൻസിംഗിൽ വൈദ്യുതി പ്രസരണം നിലയ്ക്കുന്നതും വോൾട്ടേജ് കുറയുന്നതും മറ്റൊരു പ്രശ്നമാണ്. ആദ്യം സ്ഥാപിച്ച ശക്തിയേറിയ ബാറ്ററി മാറ്റി ശക്തികുറഞ്ഞവ സ്ഥാപിച്ചുവെന്ന സംശയവും നാട്ടുകാർക്കുണ്ട്. നിലവിലുള്ള ഫെൻസിംഗ് സംവിധാനം കാര്യക്ഷമമാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം