കൊട്ടാരക്കര: സോളാർ കേസിൽ സരിത. എസ്. നായർക്കും ഗണേഷ് കുമാറിനുമെതിരെ സരിതയുടെ മുൻ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ മൊഴി നൽകി.
സോളാർ കമ്മീഷൻ മുമ്പാകെ സരിത. എസ്. നായർ നൽകിയ കത്തിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ ഗണേഷ് കുമാറിന്റെ നിർദേശപ്രകാരം എഴുതി ചേർത്തതാണെന്നാരോപിച്ച് മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയിലാണ് ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം മൊഴി നൽകിയത്.
സുധീർ ജേക്കബ് ഹർജിയിൽ ആരോപിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഫെനി ബാലകൃഷ്ണൻ കോടതിയിൽ മൊഴി നൽകിയത്. സോളാർ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയ 25 പേജുകളുള്ള കത്ത് പത്തനംതിട്ട ജില്ലാ ജയിലിൽ ഫെനി ബാലകൃഷ്ണൻ കൈ പറ്റുമ്പോൾ 21 പേജുകളേ ഉണ്ടായിരുന്നുള്ളു എന്നും പിന്നീട് ആ കത്ത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യാ മനോജിനെ ഏൽപ്പിച്ചതായും ഫെനി ബാലകൃഷ്ണൻ കോടതിയിൽ മൊഴി നൽകി.
തുടർന്ന് ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരം ശരണ്യ മനോജും ഗണേഷ് കുമാറിന്റെ പി. എ പ്രദീപ് കുമാറും ചേർന്ന് നാല് പേജുള്ള ഒരു ഡ്രാഫ്റ്റ് തയാറാക്കി സരിതയെ ഏല്പിക്കുകയും സരിത അന്നേ ദിവസം തന്നെ നാല് പേജ് കൂടി സരിതയുടെ തിരുവനന്തപുരത്തെ വസതിയിൽ പുതുതായി എഴുതി ചേർത്തുവെന്നും ഗണേഷ് കുമാറിനെ മന്ത്രി സഭയിൽ നിന്നും പുറത്താക്കിയതാണ് ഇത് ചെയ്യുന്നതിന് പ്രേരണ ആയിട്ടുള്ളതെന്നും കോടതി മുമ്പാകെ മൊഴി നൽകി.
സോളാർ കേസിൽ തുടക്കം മുതൽ തന്നെ സരിത ബ്ലാക്ക്മെയിലിങ്ങാണ് നടത്തിയിട്ടുള്ളത്. ശരണ്യ മനോജടക്കമുള്ളവരുടെ റെക്കോർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ തന്റെ കൈവശമുണ്ടെന്നും ഈ ഫോൺ സംഭാഷണങ്ങൾ കോടതി ആവശ്യപ്പെട്ടാൽ സമർപ്പിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സീസൺ അനുസരിച്ച് ഏത് രാഷ്ട്രീയ പാർട്ടി നേതാക്കന്മാർക്കെതിരെയും ഇവർ ആരോപണങ്ങൾ ഉന്നയിക്കാമെന്നും സരിതയുടെ താളത്തിനൊത്ത് നില്ക്കാൻ കഴിയാത്തതു കൊണ്ടാണ് താൻ സരിതയുടെ വക്കാലത്തിൽ നിന്നും പിന്മാറിയതെന്നും ഫെനി മാധ്യമങ്ങളോട് പറഞ്ഞു
കേസിന്റെ തുടർ നടപടികൾക്കായി പത്തനംതിട്ട ജയിൽ സൂപ്രണ്ട്, നോഡൽ ഓഫീസർ മാർ എന്നിവരെ വിസ്തരിക്കുന്നതിലേക്കായി 19 ലേക്ക് കോടതി ഉത്തരവായി . വാദി സുധീർ ജേക്കബിന് വേണ്ടി ജോളി അലക്സ് കോടതിയിൽ ഹാജരായി.