കൊട്ടാരക്കര: സോളാർ കേസിലെ സരിത എസ് നായരുടെ വിവാദ കത്തുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സുധീർ ജേക്കബ് കൊട്ടാരക്കര കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവായി.
29 നാണ് മൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവായിട്ടുള്ളത്. സരിതയുടെ വിവാദ കത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നതായി ആരോപിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും സുധീർ ജേക്കബ് ആണ് കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ സുധീർ ജേക്കബിന്റെ മൊഴി ഇന്നലെ കോടതി രേഖപ്പെടുത്തി.
തുടർന്നാണ് ഫെനി ബാലകൃഷ്ണന്റെ മൊഴി രേഖപ്പെടുത്താൻ കോടതി ഉത്തരവായത്. സരിതയുടെ 21 പേജ് ഉണ്ടായിരുന്ന കത്ത് 25 പേജായി കൂട്ടിച്ചേർത്ത് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെയും സോളാർ കമ്മീഷന് മുൻപാകെയും ഹാജരാക്കിയതെന്നാണ് സുധീർ ജേക്കബ് ആരോപിക്കുന്നത്.
കൂട്ടിച്ചേർത്ത പേജുകളിലാണ് മുൻ മുഖ്യമന്ത്രി യും കോൺഗ്രസ് നേതാക്കാക്കൾക്കുമെതിരെ ലൈംഗിക ആരോപണങ്ങൾ ഉൾപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളതെന്ന് സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്ന ശേഷം ഫെനി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്തി വെളിപ്പെടുത്തിയിരുന്നു. ഇതിനാലാണ് മറ്റ് രണ്ട് പേരോടൊപ്പം ഫെനി ബാലകൃഷ്ണനേയും കേസിൽ കക്ഷി ആക്കിയിട്ടുള്ളത്. സരിത എസ് നായരെയും കെ ബി ഗണേഷ് കുമാറിനെയും ഒന്നും രണ്ടും പ്രതികളാക്കി അന്വേഷണം നടത്തി ഗൂഡാലോചന പുറത്തു കൊണ്ടു വരണമെന്നാണ് സുധീർ ജേക്കബിന്റെ ആവശ്യം.