ഫെരാരി കാർ വാങ്ങണമെന്ന സ്വപ്നവുമായി നടക്കുന്ന ഒരുപാടു പേരുണ്ട്. എന്നാൽ വലിയ വില കൊടുക്കേണ്ടി വരുമെന്നതിനാൽ പലർക്കും ഈ സ്വപ്നം സഫലമാക്കാൻ സാധിച്ചിട്ടില്ല. അങ്ങനെയുള്ളവർക്ക് ഫെരാരി പുസ്തകം വാങ്ങി സംതൃപ്തിയടയാൻ അവസരമൊരുക്കുകയാണ് കന്പനിയിപ്പോൾ. ഇറ്റാലിയൻ പ്രസാധകരായ താഷൻ ആണ് ഇറ്റാലിയൻ ആഡംബര കാർ നിർമാതാ ക്കളായ ഫെരാരിയുടെ കഥ പുസ്തക രൂപത്തിലിറക്കുന്നത്.
ഫെരാരി എന്നാണ് ഈ ലിമിറ്റഡ് എഡിഷൻ പുസ്തകത്തിന്റെ പേര്. ഫെരാരി കാറുകളേപ്പോലെതന്നെ അനുപമമായ ചാരുതയോടെയാണ് പുസ്തവും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫെരാരിയുടെ 12 സിലിണ്ടർ എൻജിനെ അനുസ്മരിപ്പിക്കുന്ന സ്റ്റീൽ ബുക്ക് സ്റ്റാൻഡും പുസ്തകത്തോടൊപ്പം ലഭിക്കും. ഫെരാരി കന്പനിയുടെ ചരിത്രവും ഇന്നോളമിറങ്ങിയിട്ടുള്ള ഫെരാരി മോഡലുകളുടെ സവിശേഷതകളുമൊക്കെയാണ് പുസ്തകത്തിന്റെ ഇതിവൃത്തം.
വിവിധ ഫെരാരി മോഡലുകളുടെ ചിത്രങ്ങളും ഫെരാരിയുടെ വൈസ്ചെയർമാൻ പിയറോ ഫെരാരിയുടെ ഒപ്പു പതിഞ്ഞ ഈ പുസ്തകത്തിലുണ്ട്. പറയുന്നത് ഫെരാരി ചരിതമായതിനാൽ പുസ്തകത്തിനും വലിയ വിലയാണ്. 30000 യുഎസ് ഡോളർ.
എന്നാൽ അത്രയ്ക്കു പണംമുടക്കാൻ താത്പര്യമില്ലാത്തവരെ ഉദ്ദേശിച്ച് 6000 യുഎസ് ഡോളർ വിലയുള്ള മറ്റൊരു പുസ്തക വേർഷനും കന്പനി പുറത്തിറക്കിയിട്ടുണ്ട്.പക്ഷേ,ഇതിന് 30000 യുഎസ് ഡോളർ വിലയുള്ള പുസ്തകത്തിന്റെ അത്ര ഗെറ്റപ്പില്ലെന്നുമാത്രം.