കോഴിക്കോട്: സംസ്ഥാനത്തെ പഴയ പാലങ്ങള്‍ ഇന്നുമുതല്‍ പുതുമോടിയിലേക്ക്. നവീകരിച്ച പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഫറോക്ക് പഴയ പാലത്തില്‍ നടക്കും.
ഞായർ വൈകിട്ട് ഏഴിന് ദീപാലങ്കാര ഉദ്ഘാടനം പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. സന്ദര്‍ശകര്‍ക്കായി ആധുനിക സൗകര്യങ്ങളോടെ ഇന്നുമുതൽ നവീകരിച്ച പാലം തുറന്നു കൊടുക്കും. വൈദ്യുതവിളക്കുകളാൽ ദീപാലംകൃതമായ സംസ്ഥാനത്തെ ആദ്യപാലം എന്ന ഖ്യാതിയും ഫറോക്ക് പഴയപാലത്തിന്റെ പേരിലാകും.
പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍ വിഭാഗമാണ് പാലത്തില്‍ വൈദ്യുത ദീപാലങ്കാരം ഒരുക്കുന്നത്. പദ്ധതി നിര്‍വഹണത്തിനുള്ള 1.65 കോടി രൂപ ചെലവഴിക്കുന്നത് ആര്‍ബി ഡിസികെ ആണ്.
സന്ദർശകർക്കായി പാലത്തില്‍ സെല്‍ഫി പോയിന്റ്, സംഗീത പരിപാടി, കഫറ്റീരിയ, സ്ട്രീറ്റ് ലൈബ്രറി, കുട്ടികളുടെ പാര്‍ക്ക്, ഗാര്ഡന് മ്യൂസിക്, വീഡിയോ വാള്, സൗജന്യ വൈഫൈ, ടോയ് ലെറ്റ് ബ്ലോക്ക്, വി ആര് ഹെഡ്സെറ്റ് മൊഡ്യൂള്‍, നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമേറ്റഡ് ട്രാഫിക് സിഗ്നല്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.