കരിമ്പനി: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

klm-karimpaniകണ്ണൂര്‍: ജില്ലയിലെ ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ മാനന്തേരിയില്‍ 16 വയസുകാരനു കരിമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഏകകോശ ജീവികളായ ലീഷ്മാനിയ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കളാണു കരിമ്പനിക്കു കാരണം. ഫ്‌ളെബൊട്ടൊമിന്‍ സാന്‍ഡ് ഫ്‌ളൈ അഥവാ മണലീച്ചയാണ് ഈ രോഗം പരത്തുന്നത്.  ക്യൂട്ടേനിയസ് ലീഷ്മാനിയാസിസ്: ഏറ്റവും അധികമായി കാണപ്പെടുന്നതു തൊലിപ്പുറമേയുള്ള ലീഷ്മാനിയാസിസ് ആണ്. തൊലിപ്പുറമെ ചെറിയ കുരു പോലെയാണ് ആരംഭിക്കാറെങ്കിലും സാവധാനം വ്രണമായി മാറും. വ്രണമുണ്ടായ ശരീരഭാഗവുമായി ബന്ധപ്പെട്ടു കഴല വലുതാവാറുണ്ട്.

പലപ്പോഴും കുറച്ചു കഴിഞ്ഞ് ഈ വ്രണം ഉണങ്ങും. മുഖത്തും കഴുത്തിലും നെഞ്ചിലും കൈകാലുകളിലുമാണു കൂടുതലായും വ്രണങ്ങള്‍ കാണപ്പെടുന്നത്. വിസറല്‍ ലീഷ്മാനിയാസിസ് (കാലാ അസാര്‍): ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗാവസ്ഥയാണു കാലാ അസാര്‍. ഇതു ഗുരുതരമാകുന്നതും മരണഹേതുവായി മാറാവുന്നതുമായ രോഗമാണ്. രോഗാണുബാധയുള്ള സാന്‍ഡ്ഫ്‌ളൈയുടെ കടിയേറ്റു രണ്ടുമുതല്‍ ആറു മാസത്തിനുള്ളിലാണു രോഗമുണ്ടാകുക. ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണു ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളത്.

രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനി, ക്ഷീണം, ശരീരത്തിന്റെ തൂക്കം കുറയല്‍, വയറുവീര്‍ത്തു നിറഞ്ഞുവരുന്നതായി തോന്നല്‍ തുടങ്ങിയവയാണു ലക്ഷണങ്ങള്‍. പലപ്പോഴും ഇതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നതിനാല്‍ മറ്റു ബാക്ടീരിയകള്‍ വഴിയുള്ള അണുബാധയും വിളര്‍ച്ചയും രക്തസ്രാവവുമൊക്കെയുണ്ടാകാം.

യഥാസമയം ചികിത്സ നടത്തിയില്ലെങ്കില്‍ മരണം സംഭവിക്കും. സാന്‍ഡ് ഫ്‌ളൈയുടെ കടിയേല്‍ക്കാതിരിക്കാന്‍ വളരെ ചെറിയ സുഷിരങ്ങളുള്ള കൊതുകുവല ഉപയോഗിക്കുക. ഇത്തരം പ്രാണികളെ വികര്‍ഷിക്കുന്ന തരം ലേപനങ്ങള്‍ ഉപയോഗിക്കുക. വ്യക്തിശുചിത്വം പാലിക്കുക. വീടുകളുടെ ഭിത്തികള്‍ സിമന്റ് ഉപയോഗിച്ചു വൃത്തിയായി പ്ലാസ്റ്റര്‍ ചെയ്യുക. ഭിത്തികളിലുള്ള സുഷിരങ്ങള്‍ അടക്കുക. ഈ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലേക്കു ട്രക്കിംഗിനും പിക്‌നിക്കിനും പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Related posts