സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തു വേനൽ പനി പടരുന്നു. സാധാരണ പനിക്കു പുറമേ, കൊതുകു പരത്തുന്ന ഡെങ്കിപ്പനിയും എച്ച് വണ്‍ എൻ വണ്‍ മഞ്ഞപ്പിത്തവും ടൈഫോയ്ഡും മലേറിയയും പടരുന്നുണ്ട്.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ കഴിയുനത് 1,419 പേരാണ്. പനിക്കു ചികിത്സ തേടി 6852 പേർ ആശുപത്രികളിലെത്തി. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തിയവരുടെ എണ്ണം ഇതിന്റെ മൂന്നിരട്ടിയിലും അധികമാണ്.
ഒരാഴ്ച മുന്‍പ് മാർച്ച് 30 നു സർക്കാർ ആശുപത്രികളിൽ പനിബാധിതരായി ഉണ്ടായിരുന്നത് 1,029 രോഗികളായിരുന്നു. ഏതാനും ആഴ്ചകളായി എച്ച് വണ്‍ എൻ വണ്‍, ഡെങ്കി, ടൈഫോയ്ഡ്, മലേറിയ പനി ബാധിതരുടെ എണ്ണവും കൂടുതലായി റിപ്പോർട്ടു ചെയ്യുന്നുണ്ട്. ബുധനാഴ്ച സർക്കാർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 24 രോഗികൾക്കു ഡെങ്കിപ്പനിയാണെന്നു ലബോറട്ടറി പരിശോധനകളിലൂടെ തിരിച്ചറിഞ്ഞു. ചികിത്സയിലുള്ള വേറെ 74 രോഗികൾക്കും ഡെങ്കിയാണെന്നു സംശയിക്കുന്നു. ഇവരുടെ ലബോറട്ടറി പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്.
സംസ്ഥാനത്തുനിന്നു തുടച്ചുനീക്കപ്പെട്ടെന്നു കരുതിയിരുന്ന മലേറിയ ദിവസേന രണ്ടുവീതം കേസുകളാണ് ഇപ്പോൾ റിപ്പോർട്ടു ചെയ്യുന്നത്. ബുധനാഴ്ച തൃശൂരിലെ ഒരു രോഗിക്കു മലേറിയയാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽനിന്നാണു മലേറിയയുടെ വ്യാപനം. എച്ച് വണ്‍ എൻ വണ്‍ പനി ദിവസേന രണ്ടുമുതൽ പത്തുവരെ രോഗികളിൽ കാണുന്നുണ്ട്. ബുധനാഴ്ച അഞ്ചു പേർക്ക് ഇത്തരം പനിയുണ്ടെന്നു തിരിച്ചറിഞ്ഞു. മൂന്നു പേർക്കു ടൈഫോയ്ഡും റിപ്പോർട്ടു ചെയ്തു.
വൈറൽ പനിയും ധാരാളമായി പടരുന്നുണ്ട്. തൊണ്ടവേദനയും സന്ധിവേദനയും അടക്കം മിക്ക പനിക്കും ഏറെക്കുറെ ഒരേ രോഗലക്ഷണമാണു കാണിക്കുന്നത്. കുടിവെള്ളം, ഭക്ഷണപദാർഥങ്ങൾ, അന്തരീക്ഷ വായു എന്നിവയിലൂടെയാണു രോഗാണു പടരുന്നത്.
പനി വെറും പനിയല്ല, ജാഗ്രത വേണം
പനി പോലുള്ള പകർച്ചവ്യാധികളെ ചെറുക്കാൻ കുടിവെള്ളവും ഭക്ഷണവും ശുചിയുള്ളതാണെന്ന് ഉറപ്പുവരുത്തണം. കൊതുകുകളെ അകറ്റണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. സ്വന്തം വീടുകളിൽ ലഭ്യമായ പഴവർഗങ്ങൾ നല്ലതാണ്. പനി ബാധിച്ചാൽ വിശ്രമം ആവശ്യമാണ്. മറ്റുള്ളവരിലേക്കു പടരുന്നതു തടയാനും ഉപകരിക്കും. ഏതു വിഭാഗത്തിലുള്ള പനിയെന്നു തിരിച്ചറിയാതെ സ്വയം ചികിത്സ അപകടമാകും.
ശരീരത്തിൽ പാടുകൾ, തിണർപ്പുകൾ, സന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവു കുറയുക, ശ്വാസോച്ഛാസത്തിനു പ്രയാസം, പെരുമാറ്റ വ്യത്യാസം, ഭക്ഷണം കഴിക്കാൻ കഴിയാതാകുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണം.