നിലന്പൂർ: പനി ബാധിച്ചു ആദിവാസിയായ പിഞ്ചു കുഞ്ഞു മരിച്ചു. മന്പാട് എടക്കോട് ആദിവാസി കോളനിയിലെ പാലൻ- സീത ദന്പതികളുടെ മകൾ രാജികൃഷ്ണ (മൂന്ന്)യാണ് മരിച്ചത്. മൃതദേഹം നിലന്പൂർ ജില്ലാശുപത്രി മോർച്ചറിയിൽ. പനി പിടിപ്പെട്ടതിനെത്തുടർന്നു നാലു ദിവസം മുന്പാണ് രാജി കൃഷ്ണയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
തുടർന്നു ഡോക്ടർ പരിശോധിച്ചു കുട്ടിയ്ക്കു മൂന്നുദിവസത്തെ മരുന്നു നൽകി വീട്ടിലേക്കു വിട്ടയച്ചു.
എന്നാൽ ഇന്നലെ രാവിലെ രാജികൃഷ്ണയ്ക്കു പനിയും ഛർദിയും മൂർഛിച്ചതോടെ കുട്ടിയെ സമീപത്തെ മന്പാട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിലന്പൂർ ജില്ലാശുപത്രിയിൽ തന്നെ കൊണ്ടുപോകാനായിരുന്നു നിർദേശം. തുടർന്നു ഉച്ചയ്ക്കു 12 മണിയോടെ ജില്ലാശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ കുട്ടികളുടെ ഡോക്ടർ ഇല്ലെന്നു പറഞ്ഞു ഒരു ദിവസത്തെ മരുന്നു നൽകി മടക്കി അയക്കുകയായിരുന്നു.
പിന്നീട് ഇവർ കോളനിയിലെത്തി. വൈകുന്നേരം നാലുമണിയോടെ അവശനിലയിലായ രാജികൃഷ്ണയെ വീണ്ടും നിലന്പൂർ ജില്ലാശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. എന്നാൽ ആറുമണിയോടെ കുട്ടി മരിച്ചതായി ഡ്യൂട്ടി ഡോക്ടർ സ്ഥിരീകരിച്ചു.
തുടർന്നു കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്നു അധികൃതർ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ മരണത്തിനു ഉത്തരവാദികളായവർക്കെതിരേ നടപടിയെടുക്കാതെ മൃതദേഹം കൊണ്ടുപോകില്ലെന്നു കോളനിക്കാർ ശഠിച്ചു.ഇവർക്കു പിന്തുണയുമായി മന്പാട് ഗ്രാമപഞ്ചായത്തംഗം കെ. ബിജു, നിലന്പൂർ നഗരസഭാ കൗണ്സിലർ അരുമ ജയകൃഷ്ണൻ എന്നിവരുമെത്തി.
പ്രതിഷേധം ശക്തമായതോടെ നിലന്പൂർ പോലീസ് സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തിയെങ്കിലും ചികിത്സ നിഷേധിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കാതെ പിറകോട്ടു പോകില്ലെന്നു കോളനിക്കാർ അറിയിച്ചു. യഥാസമയം ജില്ലാശുപത്രിയിൽ നിന്നു ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ തന്റെ മകൾ രക്ഷപ്പെടുമായിരുന്നുവെന്നു പാലൻ പറയുന്നു.