മണ്ണാർക്കാട്: താലൂക്കിലെ മലയോരമേഖലയിൽ പനിയും അതിസാരവും പടർന്നുപിടിക്കുന്നതായി പരാതി. കാഞ്ഞിരപ്പുഴ, പാലക്കയം, എടത്തനാട്ടുകര, തിരുവിഴാംകുന്ന് എന്നിവിടങ്ങളിലാണ് പനി വ്യാപകമായിരിക്കുന്നത്. താലൂക്ക് ആശുപത്രിയിൽ പനി ബാധിതർ നിറഞ്ഞിരിക്കുകയാണ്. നഗരങ്ങളിൽ മഴ സജീവമല്ലെങ്കിലും മലയോരമേഖലയിൽ മഴ ലഭിക്കുന്നുണ്ട്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനമാണ് പനി പടരുന്നതിനു പ്രധാനകാരണം.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മലയോരമേഖല കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളും അതത് പ്രദേശത്തെ ആശാവർക്കർമാരെയും ആംഗൻവാടി ടീച്ചർമാരുടെയും നേതൃത്വത്തിൽ മഴക്കാല രോഗങ്ങളെക്കുറിച്ചു ബോധവത്കരണ ക്ലാസും നടത്തുന്നുണ്ട്. കുമരംപുത്തൂർ, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, അലനല്ലൂർ പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ.
താലൂക്ക് ആശുപത്രിക്കു പുറമേ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ഏറെയാണ്.
മണ്ണാർക്കാട്ടെയും തച്ചന്പാറയിലെയും സ്വകാര്യ ആശുപത്രികളിൽ പനി ബാധിതരാൽ നിറഞ്ഞിരിക്കുകയാണ്. മലയോരമേഖലയിൽ പനി പടർന്നുപിടിച്ചതുമൂലം ജനങ്ങൾ ദുരിതത്തിലാണ്.
മണ്ണാർക്കാട് മേഖലയിലും പനിപടർന്നു പിടിക്കാനുള്ള സാധ്യത നിലനില്ക്കുന്നു. അട്ടപ്പാടിയിലെ കാലാവസ്ഥയോട് സമാനമായ കാലാവസ്ഥയായതിനാലാണ് മണ്ണാർക്കാട് മേഖലയിൽ പനി വ്യാപകമായി പടർന്നുപിടിക്കുന്നത്. എത്രയുംവേഗം ആരോഗ്യവകുപ്പ് മഴക്കാല രോഗങ്ങൾക്കെതിരേ ഉൗർജിത പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
മലയോരമേഖലയിൽ മഴ ശക്തമായതോടെ കൊതുകുശല്യവും വർധിച്ചു. ഇതുമൂലം മലന്പനിപോലുള്ള ഗുരുതരമായ രോഗങ്ങൾക്കും സാധ്യത ഏറെയാണ്. കഴിഞ്ഞവർഷം നൂറിലേറെ പേർക്കാണ് മണ്ണാർക്കാട് മേഖലയിൽ ഡെങ്കിപ്പനി ബാധിച്ചത്.