പാലക്കാട്: കോവിഡ് അല്ലാത്ത പനിയെ നിസാരമായി കാണരുതെന്നു ജില്ലാതല സാംക്രമിക രോഗ പ്രതിരോധ യോഗത്തിൽ അധികൃതർ മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപിച്ചതിനു ശേഷം സാധാരണഗതിയിൽ പനി ഉണ്ടായാൽ കോവിഡ് ടെസ്റ്റ് ചെയ്യുകയും നെഗറ്റീവായാൽ സാധാരണ പനിക്കുള്ള വീട്ടു ചികിത്സ ചെയ്യുകയും പതിവുണ്ട്.
എന്നാൽ ഇതു ഡെങ്കിപ്പനി ആകാനുള്ള സാഹചര്യമുള്ളതിനാൽ പനിയെ നിസാരമായി കാണരുതെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.പി. റീത്ത പറഞ്ഞു.
മഴ, കോവിഡ് എന്നിവയ്ക്കു ശേഷമുള്ള സ്കൂൾ തുറക്കലിന്റെ പശ്ചാത്തലത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ചേർന്ന ജില്ലാതല സാംക്രമിക രോഗപ്രതിരോധ നിയന്ത്രണ യോഗത്തിലാണ് ഡി.എം.ഒ ഇക്കാര്യം പറഞ്ഞത്.
ജില്ലാ കളക്ടർ മൃണ്മയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.
ജില്ലയിൽ എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ എന്നീ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വീടുകളിൽനിന്നും പകർച്ചവ്യാധി പ്രതിരോധം ആരംഭിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
കോവിഡിന്റെ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ , പൊതുജനങ്ങൾ എന്നിവർ കോവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ മഴക്കാല പകർച്ചവ്യാധി പ്രതിരോധത്തിനായി പ്രത്യേക ഉൗന്നൽ നൽകിയിട്ടില്ലെങ്കിലും ജില്ലയിൽ പകർച്ചവ്യാധികളെ തടുത്തുനിർത്താൻ കഴിഞ്ഞതായും യോഗം വിലയിരുത്തി.
കോവിഡ് അടച്ചുപൂട്ടലിനു ശേഷം സ്കൂളുകൾ തുറക്കുന്പോൾ ക്ലാസ് റൂമുകൾ, ജലസംഭരണികൾ, സ്റ്റോർ റൂമുകൾ, കൂളറുകൾ എന്നിവ പ്രത്യേകം ശുചിയാക്കണമെന്നു ഡിഎംഒ യോഗത്തിൽ നിർദേശിച്ചു.
ചെക്പോസ്റ്റുകളിൽ എത്തുന്നവർ, ഭക്ഷ്യവസ്തുക്കൾ, മൃഗങ്ങൾ എന്നിവയുടെ പരിശോധന കർശനമാക്കുക, സിവിൽ സ്റ്റേഷൻ പരിസരം പിഡബ്ല്യുഡി, ഫയർ ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെ വൃത്തിയാക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിൽ അറിയിച്ചു.
ജില്ലാ സർവൈലൻസ് ഓഫീസർ ഡോ.ടി.എ. അനൂപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുദ്യോഗസ്ഥർ പങ്കെടുത്തു.