അബുദാബി: യുഎഇയിൽനിന്ന് ഇത്തിഹാദ് വിമാനത്തിലെത്തിയ യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ അയർലൻഡിൽ ആരോഗ്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് അധികൃതർ.
അബുദാബിയിൽനിന്ന് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിലേക്ക് യാത്ര ചെയ്തയാളിന് രോഗം സ്ഥിരീകരിച്ചതായി ഐറിഷ് ആരോഗ്യവിഭാഗം അറിയിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയർവേയ്സ് അധികൃതരും സ്ഥികരീകരിച്ചു.
ഇതേ വിമാനത്തിൽ യാത്ര ചെയ്ത എല്ലാവരും ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ഐറിഷ് അധികൃതര്‍ നിർദേശിച്ചു.
ഇവർ വീടുകളിൽ പ്രത്യേകം മുറിയിൽ തനിച്ച് താമസിക്കണം. മൂക്കൊലിപ്പ്, കണ്ണുകളിലെ ചുവപ്പ് നിറവും ചൊറിച്ചിലും, കഴുത്തിന് ചുറ്റും പാടുകൾ, കടുത്ത പനി എന്നിങ്ങനെയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങൾ.