കോട്ടയം: പനി പടരുന്പോൾ കോവിഡ് ഭീഷണിയും ഉയരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടിയ സാഹചര്യത്തിലാണു പനി പടരുന്നതിൽ ഭീതി ഉയരുന്നത്.
ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ദിവസംപ്രതി പനിയ്ക്കു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പരിശോധനയിൽ ഇതിൽ പകുതി പേരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
വിശ്രമവും മരുന്നും നൽകി ഇവരെ തിരികെ വീട്ടിലേക്ക് അയക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. കോവിഡെന്നു സ്ഥിരീകരിച്ചതോടെ രോഗികൾ വീടുകളിൽ സ്വയം ക്വാറന്ൈറനിൽ പോകുകയാണ്.
ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പ്രായമുള്ളവരിൽ വാക്സിൻ കുത്തിവെപ്പ് നടത്തിയെങ്കിലും അനാരോഗ്യമുള്ളവരുടെ നില വഷളാക്കാൻ കോവിഡ് കാരണമാകുന്നുണ്ട്.
പിഞ്ചു കുഞ്ഞുങ്ങൾക്കും കോവിഡ് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മഴ കനത്തതോടെ പനി കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും മരണകാരണമാകുന്ന നിലയിലേക്ക് ഈ രോഗങ്ങൾ രോഗികളെ കൊണ്ടെത്തിക്കുന്നു.
കുട്ടികളിൽ തക്കാളിപ്പിയും വർധിക്കുന്നുണ്ട്. പോയ മാസം സംസ്ഥാനത്ത് നിരവധി കുട്ടികൾക്ക് തക്കാളി പനി സ്ഥിരീകരിച്ചിരുന്നു.
അഞ്ച് വയസിനു താഴെയുള്ള കുട്ടികളെ ബാധിക്കുന്ന വൈറൽ അണുബാധയാണ് തക്കാളിപ്പനി.
ഇത് വൈറൽ പനിയാണോ ചിക്കുൻഗുനിയയുടെയോ ഡെങ്കിപ്പനിയുടെയോ അനന്തരഫലമാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രോഗം ബാധിച്ച കുട്ടികൾക്ക് ചൊറിച്ചിൽ, നിർജ്ജലീകരണം തുടങ്ങിയവ അനുഭവപ്പെടുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും വൃത്താകൃതിയിലും ചുവപ്പ് നിറത്തിലും കുമിളകൾ കാണപ്പെടുന്നതിനാലാണ് തക്കാളിപ്പനിയെന്നു പറയുന്നത്.
വേണം മുൻകരുതൽ
തൊഴിലുറപ്പ് ജോലിക്കിറങ്ങുന്നവരും ശുചീകരണ തൊഴിലാളികളും പ്രതിരോധ മരുന്നും വ്യക്തിഗത സുരക്ഷാ ഉപാധികളും ഉറപ്പാക്കണം.
രോഗസാധ്യതയുള്ളവർ നേരത്തേ തന്നെ രോഗനിർണയം നടത്തി ചികിത്സ ഉറപ്പാക്കണം. മലിനജലവുമായി സന്പർക്കമുണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ എലിപ്പനി പ്രതിരോധമരുന്നായ ഡോക്സിസൈക്ലിൻ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം.
എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്നും സൗജന്യമായി തന്നെ ഡോക്സിസൈക്ലിൻ ലഭ്യമാണ്. പനി, കഠിനമായ തലവേദന, ശരീരവേദന, പേശിവേദന, കണ്ണിൽ ചുവപ്പ്, ക്ഷീണം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ.
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡിന്റെ മാത്രമല്ല എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികളുടെ കൂടെ ലക്ഷണങ്ങൾ ആയതിനാൽ സ്വയം ചികിത്സ ഒഴിവാക്കി കൃത്യമായ ചികിത്സതേടണം.