കൊച്ചി: ജില്ലയില്‍ പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഓണത്തിരക്കുകള്‍ കഴിഞ്ഞതോടെ ജില്ലയുടെ വിവിധയിടങ്ങളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
അതേസമയം കോവിഡ് കേസുകൾ കൂടുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിദിനം 300ല്‍ അധികം പേര് കോവിഡ് ബാധിതരാകുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
നിലവില്‍ ആരോഗ്യവകുപ്പ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്.
പനി ബാധിതരായ പലരും ലക്ഷണങ്ങള്‍ കാണിച്ചിട്ടും പരിശോധന നടത്താത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
കഠിനമായ ശരീരവേദനയോടുകൂടി പനിയാണ് ഒട്ടുമിക്കവര്‍ക്കും പിടിപെട്ടിട്ടുള്ളത്. കടുത്ത ചുമയും ഇത്തരക്കാരില്‍ കണ്ടുവരുന്നു.
ഒരുമാസത്തിലധികം സമയമെടുത്താണ് പലര്‍ക്കും ചുമ മാറുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
എലിപ്പനി, ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഒരാഴ്ചക്കിടെ 112ഓളം പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്.
ഈമാസം 45 ഓളം പേര്‍ക്ക് എലിപ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഓണത്തോടനുബന്ധിച്ചുള്ള തിരക്കുകളും സുരക്ഷാ മുന്‍ കരുതലുകളില്‍ വരുത്തിയ വീഴ്ചയുമാണ് പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
സുരക്ഷയാണ് മെയിന്‍
കോവിഡ് ഭീതി പൂര്‍ണമായും ഒഴിയാത്ത സാഹചര്യത്തില്‍ സുരക്ഷാ മുന്‍ കരുതലുകള്‍ തുടരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
പരിശോധനകളും കോവിഡ് ബാധിതരുടെ എണ്ണവും കുറഞ്ഞതോടെ മാസ്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ കുറവ് വന്നിട്ടുണ്ട്.
പൊതുയിടങ്ങളില്‍ മാസ്ക് നിര്ബന്ധമല്ലാതാക്കിയതോടെ തിക്കും തിരക്കും വര്‍ധിച്ചിരിക്കുകയാണ്. കൈകള്‍ അണുവിമുക്തമാക്കുന്ന സംവിധനങ്ങളും നിശ്ചലമായ അവസ്ഥയിലാണ്.