മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ യുവാവിനെ മൂന്നംഗസംഘം തല്ലിക്കൊന്നു. തങ്ങളിൽ ഒരാളെ തുറിച്ചുനോക്കിയെന്ന് ആരോപിച്ചാണ് റോണിത് ഭലേക്കർ എന്ന യുവാവിനെ തല്ലി കൊന്നത്.
മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം. ഒരു സുഹൃത്തിനോടൊപ്പം മാതുംഗയിലേക്ക് പോകുകയായിരുന്നു റോണിത് ഭലേക്കർ. ഇയാൾ മദ്യലഹരിയിലായിരുന്നു.
ഇതിനിടെ മൂന്ന് പ്രതികളിലൊരാളെ തുറിച്ചുനോക്കിയതിന്റെ പേരിൽ വാക്കേറ്റമുണ്ടായി. പ്രതികൾ ബെൽറ്റ് കൊണ്ട് തലയിൽ അടിക്കുകയും ആവർത്തിച്ച് മർദിക്കുകയും നെഞ്ചിലും വയറിലും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു.
തുടർന്നു യുവാവ് സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. ഇയാളെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.