ഉണ്ണികൃഷ്ണൻ മണ്ണാർക്കാട്
മണ്ണാർക്കാട് : ടൂറിസം ഭൂപടത്തിൽ ഇടം പിടിയ്ക്കുന്നും കാത്ത് പ്രകൃതിയുടെ വരദാനമായ നൂറ്റാണ്ടുകൾ പഴക്കമുള്ള വരക്കല്ല്.
അട്ടപ്പാടിയുടെ പ്രവേശന കവാടമായി വിശേഷിപ്പിക്കുന്ന വരക്കല്ല് സൈലന്റ് വാലി വനമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്.
മണ്ണാർക്കാട് -ചിന്നതടാകം ചുരംപാതയിൽ പത്താം വളവിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ വരക്കല്ല് അട്ടപ്പാടിയുടെ മുഖം എന്നാണ് അറിയപ്പെടുന്നത്.
സൈലന്റ് വാലിയിലേക്ക് എത്തുന്നവരുടെ കൗതുക കാഴ്ചയാണിത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2500 അടി ഉയരത്തിൽ ഒരേക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുകയാണ് ഈ ശില.
ഒക്ടോബറിലെ കോടമഞ്ഞും കുളിർകാറ്റുമെല്ലാം വരക്കല്ലിന് കൂടുതൽ ദൃശ്യഭംഗിയും ചാരുതയും നൽകുന്നു.
മഴക്കാലത്ത് വരക്കല്ലിനിടയിലൂടെ വെള്ളം താഴേക്ക് പതിക്കുന്നത് മനോഹര കാഴ്ചയാണ്. അട്ടപ്പാടിയിലേക്ക് പോകുന്നചുരം റോഡിലെ മിക്ക വളവുകളിൽ നിന്നും ഈ ദൃശ്യഭംഗി ആസ്വദിക്കാനാകും.
മണ്ണാർക്കാട്, കുമരംപുത്തൂർ, തെങ്കര, കാഞ്ഞിരപ്പുഴ, കരിന്പ, കാരാകുറുശ്ശി പഞ്ചായത്തുകളിലെ ഏത് പ്രദേശത്തുനിന്ന് നോക്കിയാലും പുരുഷാരത്തിന് നടുവിലെ തലയെടുപ്പുള്ള കൊന്പനെ പോലെ വരക്കലിനെ കാണാനാകും.
മന്ദംപൊട്ടിക്ക് സമീപമുള്ള പാതയിലൂടെ അഞ്ച് കിലോമീറ്റർ നടന്നാൽ വരക്കല്ലിന് മുകളിൽ എത്താൻ കഴിയും. ഇവിടെ അടുത്തുതന്നെയാണ് കീരിപ്പാറ ഇക്കോ ടൂറിസം പദ്ധതിയും സ്ഥിതി ചെയ്യുന്നത്.
വരക്കല്ലിനു മുകളിൽ നീർക്കുളം ഉണ്ടെന്നും ഏതു കടുത്ത വേനലിലും ഈ നീർക്കുളത്തിൽ വെള്ളം ഉണ്ടാകുമെന്നും പഴമക്കാർ പറയുന്നു.
പൂർവികർ വേട്ടയാടാൻ വേണ്ടി രാത്രികാലങ്ങളിൽ വരക്കല്ലിൽ എത്താറുണ്ടായിരുന്നെന്നും നീർക്കുളത്തിൽ നിന്ന് വെള്ളം കുടിക്കാറുണ്ടായിരുന്നെന്നും പറയുന്നു.
ഈ വരക്കല്ലിനെകുറിച്ച് പല ഐതിഹ്യവും പഴമക്കാർ പറയുന്നുണ്ട്. രാമായണ യുദ്ധത്തിൽ പോരാടി തളർന്ന വാനരസേനയെ പുനരുജീവിപ്പിക്കാൻ മൃതസഞ്ജീവനി തേടിപ്പോയ ഹനുമാന്റെ കൈ വിരൽ തട്ടി നിന്ന കല്ലാണെന്നും അതിനാൽ ഇതിനെ ഹനുമാൻ കല്ലെന്നും വിളിച്ചിരുന്നു.
അകലെ നിന്ന് നോക്കിയാൽ മൂന്നുവരകളുള്ള പോലെ തോന്നിപ്പോകുന്നതിനാണ് വരക്കല്ല് എന്ന നാമത്തിൽ അറിയപ്പെട്ടതെന്നും പറയുന്നു.
മണ്ണാർക്കാട് താലൂക്കിൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പല പദ്ധതികളും മുൻകാലങ്ങളിൽ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അതിൽ പലതും വെളിച്ചം കണ്ടിട്ടില്ല.
കാഞ്ഞിരപ്പുഴ, ശിരുവാണി, മീൻവല്ലം എന്നീ പദ്ധതികളെ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് ആരംഭിച്ചാൽ മണ്ണാർക്കാടിന്റെ മുഖച്ഛായ മാറുകയും സർക്കാറിന് തന്നെ വൻ വരുമാനമാകുകയും ചെയ്യും. ഈ പദ്ധതി പ്രഖ്യാപിച്ചതാണെങ്കിലും നടപ്പായിട്ടില്ല. ഈ പദ്ധതിയും ഒപ്പം വരക്കല്ലിനെ കൂടി ഉൾപ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി വിപുലപ്പെടുത്തി പ്രാവർത്തികമാക്കണമെന്നാണ് വിനോദ സഞ്ചാരികളുടെ ആവശ്യം.