എരുമപ്പെട്ടി: നോക്കാൻ ഏൽപ്പിച്ച മകളെ ബന്ധുക്കൾ തിരികെ നൽകുന്നില്ലെന്ന് പരാതി.
ചാവക്കാട് പാലയൂർ വലിയപുരക്കൽ ദുർഗാദേവിയാണ് തന്റെ 11 വയസ് പ്രായമുള്ള മകളെ തിരിച്ചു കിട്ടാൻ നിയമ നടപടികളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ആറുവർഷം മുൻപ് ഭർത്താവ് മരിച്ചപ്പോഴാണ് ദുർഗാദേവി തന്റെ മൂന്ന് മക്കളെ നോക്കി വളത്താൻ ബന്ധുക്കളെ ഏൽപ്പിച്ചത്.
കടുത്ത ദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന ദുർഗാദേവിയുടേയും മക്കളുടേയും കഷ്ടപ്പാട് കണ്ട് ബന്ധുക്കൾ കുട്ടികളെ ഏറ്റെടുക്കുകയായിരുന്നു.
അന്ന് അഞ്ചു വയസ് പ്രായമുണ്ടായിരുന്ന മകളെ ഏറ്റവും അടുത്ത ബന്ധുവാണ് ഏറ്റെടുത്തത്.
പിന്നീട് ഇവർ കുട്ടിയെ മറ്റൊരു ബന്ധുവിന് കൈമാറുകയായിരുന്നുവെന്ന് പറയുന്നു.
മകളെ ഏറ്റെടുത്തവർ പിന്നീട് കുട്ടിയെ കാണുന്നതിനോ സംസാരിക്കുന്നതിനോ അനുവദിക്കാറില്ലെന്നും യുവതി പറയുന്നു.
മകളെ സ്കൂളിൽ ചെന്ന് കാണുന്നതിനു പോലും വിലക്കിയിരിക്കുകയാണ്.
ഇതിനിടയിൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ചു. കുട്ടികളെ വളർത്താൻ പ്രാപ്തയായപ്പോഴാണ് കുട്ടികളെ ആവശ്യപ്പെട്ട് ഇവർ ബന്ധുക്കളെ സമീപിച്ചത്.
മറ്റ് രണ്ടു മക്കളേയും ബന്ധുക്കൾ തിരികെ നൽകിയെങ്കിലും പെണ്കുട്ടിയെ ഏറ്റെടുത്ത ബന്ധു ഇതിന് തയ്യാറാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
മകളെ വിട്ടുകിട്ടാൻ തൃശൂർ എസ്പി ഓഫീസിൽ പരാതി നൽകിയെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ലെന്ന് ദുർഗാദേവി ആരോപിച്ചു.
ചൈൽഡ് വെൽഫയർ സെന്ററിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഓഫീസിലേയ്ക്ക് വിളിപ്പിച്ചെങ്കിലും മകളെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുന്നതിന് പകരം ബന്ധുക്കൾക്ക് നൽകാൻ സമ്മതിച്ചുള്ള രേഖകയുണ്ടാക്കി ഒപ്പുവെയ്ക്കാൻ നിർബന്ധിക്കുകയാണുണ്ടായതെന്നും യുവതി പറയുന്നു.
തനിക്കും മകൾക്കും നീതി കിട്ടുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിനായി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ദുർഗാദേവി എരുമപ്പെട്ടി പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാതാവ് ചന്ദ്രിക, സഹോദരി ചൈതന്യ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.