മോദി സര്‍ക്കാര്‍ പരസ്യത്തിനുവേണ്ടി ചെലവഴിച്ചത് 3,755 കോടി രൂപയെന്ന് വിവരാവകാശ റിപ്പോര്‍ട്ട്! ഇലക്ട്രോണിക് മീഡിയ പരസ്യത്തിനുവേണ്ടി മാത്രം 1,656 കോടി; മോദി സര്‍ക്കാരിന്റെ ധൂര്‍ത്തിനെതിരെ വിമര്‍ശനം കനക്കുന്നു

ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളുടെ പുറകേയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രസ്താവനകളിലൂടയും പ്രവര്‍ത്തികളിലൂടെയും ഓരോരുത്തരായി വിവാദം കത്തിക്കുന്നു. ആര്‍ഭാടമാണ് ഇവരുടെ ഏറ്റവും വലിയ ബലഹീനത. ഇത്തരത്തില്‍ പരസ്യത്തിനായി മോദി സര്‍ക്കാര്‍ നടത്തിയ ധൂര്‍ത്താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മോദി സര്‍ക്കാര്‍ പരസ്യത്തിനു വേണ്ടി 3,755 കോടി രൂപ ചെലവഴിച്ചതായുള്ള വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മൂന്നു വര്‍ഷത്തിനിടെയാണ് ഇത്രയും തുക കേന്ദ്ര സര്‍ക്കാര്‍ പ്രചാരണത്തിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രോണിക്സ്, അച്ചടി മാധ്യമങ്ങള്‍ എന്നിവ കൂടാതെ ഔട്ട്ഡോര്‍ പരസ്യത്തിനു വേണ്ടിയും കൂടിയാണ് 3,755 കോടി രൂപ ചെലവഴിച്ചത്. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഈ വിവരമുള്ളത്. ഗ്രേറ്റര്‍ നോയ്ഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വറാണ് ഇതു സംബന്ധിച്ച് വിവരാവകാശ രേഖ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്.

1,656 കോടി രൂപയാണ് ഇലക്ട്രോണിക് മീഡിയ പരസ്യങ്ങള്‍ക്ക് മാത്രമായി കേന്ദ്ര സര്‍ക്കാര്‍ വിനയോഗിച്ചത്. ഇവയില്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി എന്നിവയിലെ പരസ്യങ്ങളണുള്ളത്. അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവാക്കിയത് 1,698 കോടി രൂപയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങിയ ഓട്ട്ഡോര്‍ പരസ്യങ്ങള്‍ക്ക് വേണ്ടി 399 കോടി രൂപയും ചെലവാക്കി. പരസ്യ പ്രചാരണത്തിന് ചെലവിടുന്ന തുക പ്രധാന മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്കും വര്‍ഷം അനുവദിച്ച ബജറ്റിനേക്കാള്‍ കൂടുതലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ‘മലിനീകരണ നിയന്ത്രണത്തിന്’ സര്‍ക്കാര്‍ വകയിരുത്തിയ തുക 56.8 കോടി രൂപ മാത്രമാണ്.

 

Related posts