ന്യൂഡൽഹി: “ഫെയർ ആൻഡ് ലൗലി’യിലെ ഫെയർ ഒഴിവാക്കി. കന്പനിയുടെ ഉത്പന്നങ്ങളിൽനിന്ന് ഫെയർ ഒഴിവാക്കാൻ തീരുമാനിച്ചതായി നിർമാതാക്കളായ യുണിലിവറിന്റെ ഇന്ത്യൻ യൂണിറ്റ് അറിയിച്ചു.
ഇരുണ്ട ചർമത്തോടു കൂടിയവരെ ഫെയർ ആൻഡ് ലൗലി പരിഹസിക്കുന്നു എന്ന വിമർശനങ്ങൾ തുടർച്ചയായി ഉയരുന്ന സാഹചര്യത്തിലാണു കന്പനിയുടെ നടപടി.
അമേരിക്കയിലെ കറുത്ത വർഗക്കാരുടെ പ്രതിഷേധത്തോട് അനുബന്ധിച്ച് കോസ്മെറ്റിക് കന്പനികൾക്കെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
യൂണിലിവറിന്റെ സ്കിൻ ക്രീമിലെ “ഫെയർ’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവർ കന്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.
ചർമ സംരക്ഷണത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുകയാണ് കന്പനിയുടെ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുസ്ഥാൻ യുണിലിവർ ചെയർമാൻ സഞ്ജിവ് മെഹ്ത പത്രക്കുറിപ്പിൽ പറഞ്ഞു.
ചർമത്തിനു നിറം നൽകുന്ന കോസ്മെറ്റിക് ഉത്പന്നങ്ങൾക്ക് ദക്ഷിണേഷ്യയിൽ വലിയ ആവശ്യക്കാരുണ്ട്.