തൃശൂർ: സ്വർണക്കള്ളക്കടത്തു കേസിൽ ദുബായിയിൽ അറസ്റ്റിലായ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കും.
ഫൈസൽ ഫരീദ് നാട്ടിൽ നടത്തിയിട്ടുള്ള ഭൂമിയിടപാടുകൾ സംബന്ധിച്ചും അന്വേഷണമുണ്ടാകും. വൻതോതിൽ പണമിടപാടുകൾ നടന്നതായ സൂചനകൾ ലഭിച്ചിട്ടുള്ളതിനാൽ ഈ പണം എവിടെയെല്ലാം നിക്ഷേപിച്ചുവെന്ന വിശദമായ അന്വേഷണം തന്നെ വിദേശത്തോടൊപ്പം നാട്ടിലുമുണ്ടാകും.
കഴിഞ്ഞദിവസം കസ്റ്റംസ് കൈപ്പമംഗലത്തെ ഫൈസലിന്റെ വീട് പരിശോധിച്ച് കംപ്യൂട്ടറുകളും മറ്റും കണ്ടെത്തി കൊണ്ടുപോയിരുന്നു.
ബിനാമി പേരുകളിൽ നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുള്ളതിനാൽ അതെക്കുറിച്ചും പരിശോധനകളുണ്ടാകുമെന്നാണ് സൂചന.
ഭൂമിയിടപാടുകൾ തൃശൂർ ജില്ലയിൽ മാത്രമാകാൻ സാധ്യതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതുകൊണ്ടുതന്നെ സംസ്ഥാനത്ത ന്പാടും ഇതുസംബന്ധിച്ച് പരിശോധനകളും അന്വേഷണങ്ങളുമുണ്ടാകുമെന്നറിയുന്നു.
ഫൈസലിന്റെ പേരിലുള്ള ഫാൻസ് ക്ലബുകളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഫൈസൽ നടത്തിയിട്ടുള്ള വിവിധ സാന്പത്തിക ഇടപാടുകളെക്കുറിച്ച് വിവരം ലഭിക്കുന്നതിന് ഫൈസലുമായി ബന്ധപ്പെട്ട എല്ലാതലങ്ങളിലും വിശദമായ അന്വേഷണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
വർഷങ്ങളായി കുടുംബത്തോടൊപ്പം റാഷിദിയ്യ ഏരിയയിൽ താമസിക്കുന്ന ഫൈസലിനെക്കുറിച്ച് ദുബായ് പോലീസ് പല വിവരങ്ങളും ശേഖരിച്ചു കഴിഞ്ഞതായി സൂചനയുണ്ട്.
ഇയാൾക്കെതിരേ ഇന്ത്യയിൽ കേസ് വന്നപ്പോൾത്തന്നെ യുഎഇ അധികൃതർ ഇയാളുടെ പരമാവധി വിവരങ്ങൾ ശേഖരിച്ചതായി അറിയുന്നു.
ദുബായിയിൽ ബിസിനസ് നടത്തിവരികയായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ച ആദ്യത്തെ മലയാളിയാണ്.
നാട്ടിലുള്ളതിനേക്കാൾ സുഹൃദ്ബന്ധങ്ങൾ ഫൈസലിന് വിദേശത്താണെന്നതുകൊണ്ടുതന്നെ ദുബായ് പോലീസ് ശേഖരിച്ച പല വിവരങ്ങളും സ്വർണക്കടത്തു കേസിൽ നിർണായകമാകാൻ സാധ്യതയുണ്ട്.
ഫൈസൽ ഫരീദ് നാട്ടിലുള്ളതിനേക്കാൾ കൂടുതലും വിദേശത്താണ് കഴിഞ്ഞത്. വീട്ടുകാരും ബന്ധുക്കളുമൊക്കെ ദുബായിൽ തന്നെയാണ് സ്ഥിരതാമസം.
നാട്ടിൽ ഇടയ്ക്കിടെ വന്നുപോകുന്ന ഫൈസൽ ഫരീദിന് അടുത്ത സുഹൃത്തുക്കളായി ചിലരുണ്ടെങ്കിലും കള്ളക്കടത്ത് ബന്ധം ഇവർക്കൊന്നും അറിയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.
നാട്ടിലെ ഇയാളുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച് വായ്പകൾ ഏതെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കും. വായ്പകൾ തിരിച്ചടക്കാതെ കടബാധ്യതകളുണ്ടെന്ന് വരുത്തിതീർക്കാൻ ഫൈസൽ ശ്രമിച്ചിരുന്നതായി ചില അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.