ശരീരപോഷണത്തിനും ശരിയായ വളർച്ചയ്ക്കും ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവയാണ്. വിറ്റാമിനുകളും മിനറലുകളും കൂടി ഇതിൽ പെടുന്നവതന്നെ. അവയുടെ ദൗർലഭ്യം ആരോഗ്യത്തെ കുറയ്ക്കുകയും രോഗത്തിന് കാരണമാകുകയും ചെയ്യും.
പാകപ്പെടുത്തൽ പിഴച്ചാൽ…
ഏത് പ്രായത്തിലുള്ളവർക്കും നിർബന്ധമായും ആഹാരത്തിൽ ഉണ്ടായിരിക്കേണ്ടവയാണ് നാരുകൾ അഥവാ ഫൈബറുകൾ.
അതുകൊണ്ടാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദേ ശിക്കുന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്.
എന്നാൽ നാരുകളടങ്ങിയവയാണെങ്കിലും ചിലതരം പാകപ്പെടുത്തലുകൾ കൊണ്ട് അവയുടെ ശരിക്കുള്ള ഉപയോഗം കിട്ടാതെയും വരാം.
ആഹാരവസ്തുക്കൾക്ക് രൂപമാറ്റങ്ങൾ വരുത്തുന്നതും പാകപ്പെടുത്തുന്നതും കാരണം ഫൈബറുകൾക്ക് അവയുടെ ഗുണപരമായ ഉപയോഗം നഷ്ടപ്പെടുന്നു.
ഗോതന്പിലും ആട്ടയിലും മൈദയിലും…
ഉമിയുള്ള ഗോതമ്പും തവിടുള്ള അരിയും ഫൈബറുകൾ ധാരാളമടങ്ങിയ ആഹാരപദാർത്ഥങ്ങളാണെങ്കിലും അവ തന്നെ അരച്ചും പൊടിച്ചും ഉമി നീക്കിയും നിറം മാറ്റിയും രുചികരമാക്കിയും മൃദുത്വമുള്ളതാക്കിയും കൂടുതൽ സംസ്കരിക്കുന്നതിനനുസരിച്ച് ഫൈബറിന്റെ അളവും അതുകൊണ്ടുതന്നെ ഉപയോഗവും കുറയുകയാണു ചെയ്യുന്നത്.
ഇതിൽനിന്നും ഉമിയുള്ള ഗോതമ്പിൽ ഫൈബറിന്റെ അളവ് കൂടുതലും അതുതന്നെ സംസ്കരിച്ച് തയാറാക്കിയ ആട്ടയിലും മൈദയിലും ഫൈബറിന്റെ അളവ് വളരെ കുറവുമായിരിക്കും എന്ന് മനസിലാക്കണം.
നാര് കുറയുന്ന വഴികൾ!
ഇതുപോലെ വളരെയധികം നാരുകളുള്ള പല ഭക്ഷണവസ്തുക്കളും എണ്ണയിൽ പാകപ്പെടുത്തിയും കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസർവേറ്റീവുകൾ ചേർത്തും മറ്റു പല ഭക്ഷ്യവസ്തുക്കളുമായി മിക്സ് ചെയ്തും അരിഞ്ഞും നുറുക്കിയും അവയിൽ യഥാർഥത്തിൽ അടങ്ങിയിട്ടുള്ള നാരിന്റെ അളവു കുറച്ചുകളയുന്ന രീതികൾ നമ്മളിൽ പലരും അതിനെക്കുറിച്ചുള്ള അറിവില്ലാത്തതു കാരണം ശീലിച്ചുവച്ചിരിക്കുന്ന കാര്യങ്ങളാണ്.
വയറിളക്കമുള്ളപ്പോൾ ഇതൊന്നും കഴിക്കരുത്…
ചില രോഗാവസ്ഥകളിൽ നാരുകൾ അധികം അടങ്ങിയിട്ടുള്ളവയെ അവയുടെ പ്രയോജനം കൂടി അറിഞ്ഞുവേണം ഉപയോഗിക്കേണ്ടത്.
മലബന്ധം ഉള്ളവർക്ക് നാരുകൾ ധാരാളമുള്ളഭക്ഷണം കഴിക്കുന്നത് ശരിയായ മലശോധന ലഭിക്കുവാൻ കാരണമാകും. എന്നാൽ വയറിളക്കമുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറിളക്കം വർധിക്കാനാണ് സാധ്യത.
അതിനാൽ വയറിളക്കമുള്ളപ്പോൾ വാഴപ്പഴം, പാൽ, ഉഴുന്ന്, ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയിലത്തോരൻ, തവിടുള്ള ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ആഹാരം എന്നിവ കഴിക്കരുത്. (തുടരും)