സെബി മാത്യു
ഫിഡല്‍ കാസ്‌ട്രോയ്ക്ക് ഇന്ത്യയുമായി എന്തു ബന്ധമെന്ന ചോദ്യത്തിന് അദ്ദേഹം ഇന്ദിരാ ഗാന്ധിയെ പുണര്‍ന്നു നില്‍ക്കുന്ന പ്രസിദ്ധമായ ഒരേയൊരു ചിത്രം മതി ഉത്തരമായിട്ട്. ഇന്ദിര എന്റെ സഹോദരി എന്നായിരുന്നു കാസ്‌ട്രോ പതിവായി പറഞ്ഞിരുന്നത്. 1973ലും 1983ലും ഫിഡല്‍ കാസ്‌ട്രോയുടെ ഇന്ത്യാ സന്ദര്‍ശനം ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തായിരുന്നു. ഇന്ത്യയ്ക്കും ക്യൂബയ്ക്കും ഇടയിലുള്ള 14,000 കിലോമീറ്ററുകളെ ഊഷ്മളവും ഗാഢവുമായ സൗഹൃദച്ചരടു കൊണ്ട് ചേര്‍ത്ത് കെട്ടിയ വ്യക്തിയായിരുന്നു കാസ്‌ട്രോ.
ഫിഡല്‍ കാസ്‌ട്രോയും ഇന്ദിരയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ര്ട പ്രധാന്യമുള്ള ഒരു സംഭവമുണ്ട്. 1983ലെ ചേരിചേരാ സമ്മേളനം ഡല്‍ഹിയില്‍ നടക്കുന്നു. പലസ്തീന്‍ നേതാവ് യാസര്‍ അറാഫത്ത് ആകെ ഉടക്കി നില്‍ക്കുന്ന സമയം. ജോര്‍ദാന്‍ രാജാവ് കിംഗ് ഹുസൈനു ശേഷമാണ് തനിക്ക് സംസാരിക്കാന്‍ അവസരം എന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അറാഫത്തും ജോര്‍ദാന്‍ രാജാവും തമ്മില്‍ അത്ര രസത്തിലല്ലാത്ത കാലമാണ്. ഒരു തരത്തിലുള്ള അനുനനയത്തിനും വഴങ്ങാതെ അറാഫത്ത് സമ്മേളനം വിട്ടു പോകാന്‍ ഒരുങ്ങുന്നു. തന്റെ വിമാനം തയാറാക്കി നിര്‍ത്താന്‍ നിര്‍ദേശവും കൊടുത്തു. സമ്മേളനത്തിന്റെ മുഖ്യ നടത്തിപ്പുകാരനും സെക്രട്ടറി ജനറലുമായ നട്വര്‍ സിംഗ് ആകെ പരവശനായി. എങ്ങനെയും അറാഫത്തിനെ പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ ഇന്ത്യയില്‍ വച്ചു നടക്കുന്ന ചേരിചേരാ സമ്മേളനം ചരിത്ര പരാജയമായി മാറും. അറാഫത്തിനെ പിടിച്ചു നിര്‍ത്താന്‍ അദ്ദേഹം സമീപിച്ചത് അന്നത്തെ ക്യൂബന്‍ പ്രസിഡന്റായിരുന്ന ഫിഡല്‍ കാസ്‌ട്രോയെയാണ്. കാസ്‌ട്രോയുടെ അനുനയ ശ്രമങ്ങളെയും അറാഫത്ത് ചെവിക്കൊള്ളുന്നില്ല. പോയേ തീരു എന്ന പിടിവാശിയിലുറച്ചു നില്‍ക്കുന്നു.
അപ്പോഴാണ് കാസ്‌ട്രോ തന്റെ ആവനാഴിയില്‍ നിന്ന് ആ ചോദ്യം അറാഫത്തിനു നേരെ തൊടുക്കുന്നത്. നിങ്ങള്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സുഹൃത്താണോ.?, അല്ലെങ്കില്‍ ഇപ്പോള്‍ പറയണം. അതെ എന്നല്ലാതെ അറാഫത്ത് എന്തുത്തരം പറയാന്‍. അതെ ഞാന്‍ ഇന്ദിരയുടെ സുഹൃത്താണ്. അറാഫത്ത് പറഞ്ഞു. അവസരമറിഞ്ഞുള്ള കാസ്‌ട്രോയുടെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ദിരാ ഗാന്ധി എന്റെ സഹോദരിയാണ്. ഞാന്‍ അവരുടെ സഹോദരനും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ഇന്ദിരയുടെ സഹോദരനെപ്പോലെയാണ് പെരുമാറേണ്ടത്. ഈ സമ്മേളനത്തില്‍ പങ്കെടുക്കുക തന്നെ വേണം. അറാഫത്തിനു വഴങ്ങേണ്ടി വന്നു എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
അന്നു സമ്മേളനത്തിനെത്തിയ ഫിഡല്‍ കാസ്‌ട്രോയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് ഇന്ദിര പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. അന്നത്തെ സമ്മേളന വേദിയില്‍ വെച്ച് കാസ്‌ട്രോ ഇന്ദിരയെ ആലിംഗനം ചെയ്യുന്ന ചിത്രമാണ് പിന്നീട് എറെ പ്രശസ്തമായി തീര്‍ന്നത്. പെട്ടെന്നുള്ള കാസ്‌ട്രോയുടെ പെരുമാറ്റത്തില്‍ അമ്പരന്ന ഇന്ദിര തെന്നിമാറിയെങ്കിലും സദസ് കരഘോഷമുയര്‍ത്തി.
എല്ലാ ഇന്ത്യന്‍ നേതാക്കളോടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു ഫിഡല്‍ കാസ്‌ട്രോ. ഇംഗ്ലീഷ് സംസാരിക്കാത്ത നേതാവായിരുന്നിട്ടു കൂടി ഇന്ത്യയുടെ എല്ലാ വര്‍ത്തമാനങ്ങള്‍ക്കും കാസ്‌ട്രോ ഏറെ കൗതുകത്തോടെയും കാര്യ വിചാരത്തോടെയും ചെവി കൊടുത്തിരുന്നു.
ജവഹര്‍ലാല്‍ നെഹ്‌റവുമായി അടുത്ത ബന്ധമാണ് കാസ്‌ട്രോയ്ക്കുണ്ടായിരുന്നത്. 1960ല്‍ നെഹ്‌റുവുമായി ന്യൂയോര്‍ക്കില്‍ വെച്ച് ആദ്യ കൂടിക്കാഴ്ച നടക്കുമ്പോള്‍ കാസ്‌ട്രോയ്ക്ക് പ്രായം 34. ആ നിമിഷങ്ങളെ ഒരിക്കലും മറക്കില്ലെന്നാണ് കാസ്‌ട്രോ പിന്നീടൊരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ക്യൂബന്‍ വിപ്ലവത്തിനു പിന്നാലെ ചേര്‍ന്ന ചേരിചേരാ സമ്മേളനത്തിന് ന്യൂയോര്‍ക്കിലെത്തിയ കാസ്‌ട്രോയ്ക്ക് താമസിക്കാന്‍ ഹോട്ടല്‍ മുറി പോലും കിട്ടാതെ വന്ന അവസരത്തിലാണ് നെഹ്‌റു അദ്ദേഹത്തെ തേടി ചെല്ലുന്നത്. അന്നത്തെ ആ ദശാസന്ധിയില്‍ തന്നെ തേടിയെത്തിയ ആദ്യ വ്യക്തി ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്‌റുവാണെന്നാണ് കാസ്‌ട്രോ പറഞ്ഞിട്ടുള്ളത്. നെഹ്‌റുവിന്റെ പ്രൗഡമായ പെരുമാറ്റവും വാക്കുകളും തനിക്ക് ഊര്‍ജം പകര്‍ന്നുവെന്നും എല്ലാ ആശങ്കകളെയും അകറ്റിയെന്നുമാണ് കാസ്‌ട്രോ പിന്നീട് അനുസ്മരിച്ചത്. 1988ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും 2006ല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ക്യൂബ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും കാസ്‌ട്രോയുടെ പ്രസംഗങ്ങള്‍ പോലെ ദൈര്‍ഘ്യമേറിയതായിരുന്നു. ആറു മണിക്കൂറോളമാണ് രാജീവ് ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കാസ്‌ട്രോ സംസാരിച്ചിരുന്നത്.
1993ല്‍ സിപിഎം നേതാക്കളായ ജ്യോതി ബസുവും ഇന്നത്തെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ക്യൂബയിലെത്തിയപ്പോള്‍ കാസ്‌ട്രോ പിടിച്ചിരുത്തി വര്‍ത്തമാനം പറഞ്ഞത് രണ്ടു മണിക്കൂറാണ്. അന്നു ബസു ക്യൂബയില്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലേക്ക് അപ്രതീക്ഷിതമായി കടന്നു ചെന്നാണ് കാസ്‌ട്രോ വര്‍ത്തമാനത്തിനു വട്ടമൊരുക്കിയത്. വിമാനത്താവളം വരെ തങ്ങളെ അനുഗമിച്ച് യാത്രയാക്കാനെത്തിയ കാസ്‌ട്രോയുടെ മര്യാദയെ പിന്നീട് ജ്യോതി ബസു പല ഓര്‍മകളിലും പങ്കു വെച്ചിട്ടുണ്ട്.
1992ല്‍ അമേരിക്ക അടിച്ചേല്‍പ്പിച്ച സമ്മര്‍ദത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ ക്യൂബ വശംകെട്ടു നില്‍ക്കുന്ന സമയം. 10,000 ടണ്‍ ഗോതമ്പും 10,000 ടണ്‍ അരിയും നല്‍കിയാണ് ഇന്ത്യ ക്യൂബയ്ക്കു നേരെ സഹായഹസ്തം നീട്ടിയത്. അന്ന് ഇന്ത്യയുടെ സഹായത്തെ ബ്രെഡ് ഓഫ് ഇന്ത്യ എന്നു വിളിച്ചാണ് കാസ്‌ട്രോ സ്വീകരിച്ചത്. അന്നത്തെ ക്യൂബന്‍ ജനസംഖ്യ അനുസരിച്ച് ഇന്ത്യ നല്‍കിയ ധാന്യം ഓരോ പൗരനും ഒരു ബ്രഡിനുള്ളതുണ്ടായിരുന്നു. ക്യൂബയെ പിടിച്ചു കുലുക്കിയ ഭൂകമ്പമുണ്ടായ കാലത്ത് രണ്ട് മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക സഹായവും ഇന്ത്യ നല്‍കിയിരുന്നു.
യുദ്ധത്തിന്റെ നിലവിളി സോഷ്യലിസം അല്ലെങ്കില്‍ മരണം എന്നായിരിക്കണമെന്നാണ് കാസ്‌ട്രോ ഇന്ത്യയില്‍ നിന്നു കാണാനെത്തിയ നേതാക്കളോട് ഒരിക്കല്‍ പറഞ്ഞത്.