കറുപ്പും വെളുപ്പും നിറങ്ങളാൽ ഇടകലർന്ന സമചതുരാകൃതിയിലുള്ള 64 കളങ്ങൾ, രാജാവും റാണിയുമടങ്ങുന്ന ആറ് തരത്തിലുള്ള 16 കരുക്കളുമായി ബോർഡിന്റെ ഇരുവശങ്ങളിൽ രണ്ട് മാസ്റ്റേഴ്സ്.
കളത്തിൽ കരുക്കൾ നീങ്ങുന്നതിനു മുന്പ് മൂന്ന് ഡസനിലധികം നീക്കങ്ങൾ അകക്കണ്ണിൽ കാണാനുള്ള കഴിവ്… അതെ, ലോക ചെസ് ചാന്പ്യനെ വെല്ലുവിളിക്കാൻ ആരാണ് യോഗ്യർ എന്നു നിശ്ചയിക്കുന്ന ഫിഡെ 2024 കാൻഡിയേറ്റ് ചെസ് ടൂർണമെന്റിന് നാളെ ഒൗദ്യോഗികമായി മിഴിതുറക്കും.
കാനഡയിലെ ടൊറന്റോയിലാണ് 2024 കാൻഡിഡേറ്റ് ടൂർണമെന്റ്. നാളെ ഉദ്ഘാടനവും നാളകഴിഞ്ഞ് മുതൽ പോരാട്ടവും നടക്കും. നിലവിലെ ലോക പുരുഷ ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനെയും വനിതാ ചാന്പ്യയായ ജു വെൻജുനെയും വെല്ലുവിളിക്കാൻ ആരാണ് എത്തുക എന്ന് നിശ്ചയിക്കുന്നതാണ് കാൻഡിഡേറ്റ് പോരാട്ടം.
അഞ്ച് ഇന്ത്യക്കാർ
കാൻഡിഡേറ്റ് ടൂർണമെന്റിൽ പുരുഷ-വനിതാ വിഭാഗങ്ങളിലായി അഞ്ച് ഇന്ത്യക്കാർ ഇത്തവണയുണ്ടെന്നതാണ് ശ്രദ്ധേയം. ചരിത്രത്തിൽ ആദ്യമായാണ് അഞ്ച് ഇന്ത്യക്കാർ കാൻഡിഡേറ്റ് ടൂർണമെന്റിൽ ഒന്നിച്ച് പങ്കടുക്കുന്നത്.
പതിനെട്ടുകാരനായ ആർ. പ്രജ്ഞാനന്ദ, പതിനേഴുകാരനായ ഡി. ഗുകേഷ്, ഇരുപത്തൊന്പതുകാരനായ വിദിത് സന്തോഷ് ഗുജറാത്തി എന്നിവരാണ് പുരുഷ വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ളത്.
വനിതാ വിഭാഗത്തിൽ ഇരുപത്തിരണ്ടുകാരിയായ ആർ. വൈശാലി, മുപ്പത്താറുകാരി കൊനേരു ഹംപി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കും. പ്രജ്ഞാനന്ദയുടെ ചേച്ചിയാണ് വൈശാലി. സഹോദരങ്ങൾ കാൻഡിഡേറ്റ് ടൂർണമെന്റിന്റെ ഒരു സീസണിൽ ഒന്നിച്ച് മത്സരിക്കുന്നതും ഇതാദ്യം.