ഹരിപ്പാട്: വേനലായതോടെ പള്ളിപ്പാട് പഞ്ചായത്തിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നതായി പരാതി. അനധികൃതമായി നെൽവയലുകൾ നികത്താൻ ഗ്രാവലുമായി എത്തിയ ലോറികൾ എഐവൈഎഫിന്റെ നേതൃത്വത്തിൽ തടഞ്ഞു പ്രതിഷേധിച്ചു.
പറയങ്കേരി പാലത്തിന് ഇരുവശം, കുരീക്കാട് ജംഗ്ഷന് തെക്ക്, നാലുകെട്ടും കവല, കുരീത്ര റോഡിനു സമീപം, കൊളാച്ചിറ പാലത്തിന് തെക്ക്, അരയാകുളങ്ങര ക്ഷേത്രത്തിനു സമീപം, ആഞ്ഞിലിമൂട് പാലത്തിന് ഇരുവശം, കൊങ്ങിനേത്ത് സ്കൂളിന്റെ വടക്കുവശം എന്നീ ഭാഗങ്ങളിലെ നെൽവയലുകൾ വ്യാപകമായി നികത്തപ്പെടുകയാണ്.
രാത്രികാലങ്ങളിൽ നൂറുകണക്കിനു ലോറികളിൽ ഗ്രാവലും കെട്ടിടാവശിഷ്ടങ്ങളും എത്തിച്ചാണ് ഒരു പ്രദേശം മുഴുവൻ നികത്തുന്നത്. നേരം വെളുക്കുമ്പോഴേക്കും ഏക്കർ കണക്കിനു നെൽപ്പാടങ്ങൾ കരയായി മാറുന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നത്.
നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.അനധികൃതമായി നികത്തുന്നത് പരാതിപ്പെട്ടാൽ പരാതിപ്പെടുന്നവരുടെ പേരും വിലാസവും ചില ജീവനക്കാർതന്നെ ഭൂമാഫിയ സംഘത്തിനു കൈമാറുകയാണെന്നും ഗുണ്ടാ സംഘങ്ങൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എസ്. ശ്രീജിത്ത്, മണ്ഡലം കമ്മിറ്റി അംഗം വിനീഷ്, അഭിജിത്ത്, ഷിനോയി, സുനിൽ, ദേവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.