കോല്‍ക്കത്ത: അണ്ടര്‍-17 ലോകകപ്പിൽ തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ഇംഗ്ലണ്ടും ഫ്രാന്‍സും പ്രീക്വാര്‍ട്ടറില്‍ കടന്നു. മെക്സിക്കോയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇംഗ്ലണ്ട് വീഴ്ത്തിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജപ്പാനെ ഫ്രാൻസ് പരാജയപ്പെടുത്തി. ബ്ര്യൂസ്റ്റര്‍, ഫോഡൻ, സാഞ്ചോ എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. മെക്സിക്കോയ്ക്കു വേണ്ടി ലെയ്നെസ് ഇരട്ടഗോൾ നേടിയെങ്കിലും ഇംഗ്ലീഷുകാരെ പിടിച്ചുകെട്ടാനായില്ല.
ഗൗരി ബ്രെയ്സിന്റെ ഇരട്ടഗോളാണ് ഫ്രാൻസിന് വിജയം നൽകിയത്. കളിയുടെ അവസാന നിമിഷം മിയാഷിറോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഫ്രാൻസിന്റെ വിജയം തടുക്കാൻ ജപ്പാൻകുട്ടിക്കായില്ല. പെനാൽറ്റിയിൽനിന്നായിരുന്നു മിയാഷിറോയുടെ ഗോൾ.
മറ്റൊരു ഗ്രൂപ്പ് മത്സരത്തിൽ ഇറാക്കും ഹോണ്ടുറാസും വിജയിച്ചു. കരുത്തരായ ചിലിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ഇറാക്ക് തറപറ്റിച്ചത്. ന്യൂകാലിഡോണിയയെ ഏക പക്ഷീയമായ അഞ്ചു ഗോളിന് ഹോണ്ടുറാസ് പരാജയപ്പെടുത്തി.