കൊച്ചി: റിലേയുടെ അവസാന ലാപ്പില്‍ ഓടിക്കയറിയ ചാമ്പ്യന്‍ താരത്തെപ്പോലെ കൊച്ചി ഒടുവില്‍ ആശങ്കകളുടെ കാര്‍മേഘത്തെ ഊതിയകറ്റി. കൊച്ചി പഴയ കൊച്ചിയല്ലെന്നു ബോധ്യമായ ഫിഫ സംഘം ഒടുവിൽ വിളിച്ചുപറഞ്ഞു, കൊച്ചി കൊള്ളാം. സ്വപ്നത്തിലേക്കിനി ഏറെ ദൂരമില്ല. ലോകകപ്പ് നാളുകള്‍ വരവായി.
ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിനു വേദിയാകുന്ന കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും നാല് പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളില്‍ ഇന്നലെ നടന്ന സന്ദര്‍ശനത്തിനു ശേഷം ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്തി അറിയിച്ചു. മാര്‍ച്ച് 24നു നടത്തിയ അവസാന സന്ദര്‍ശനത്തില്‍ കണ്ട സ്റ്റേഡിയത്തിന്റെ അവസ്ഥയുമായി തട്ടിച്ചു നോക്കുമ്പോള്‍ കൊച്ചിയില്‍ കുറഞ്ഞ സമയം കൊണ്ടു നടന്ന ജോലികള്‍ വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി ലോകകപ്പിനു വേദിയാകുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്താന്‍ തനിക്കു സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ നിമിഷം കൊച്ചിയെ ലോകകപ്പ് വേദികളില്‍നിന്നു മാറ്റി നിര്‍ത്താന്‍ കാരണങ്ങളില്ല. കൊച്ചിയിലെ ജോലികളിലെ ഗതിവേഗം തന്നെ വിസ്മയിപ്പിച്ചു. ലോകകപ്പ് ക്വാര്‍ട്ടര്‍ ഉൾപ്പെടെ എട്ടു മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ 15 ശതമാനം വരുമിത്. കൂടുതല്‍ മത്സരവേദികളൊന്നും കൊച്ചിക്ക് അനുവദിക്കില്ല. നല്‍കേണ്ട അത്ര മത്സരങ്ങള്‍ നല്‍കിയിട്ടുണ്ട്.
സെമിയും ഫൈനലും കൊച്ചിക്കു ലഭിച്ചേക്കുമെന്ന രീതിയില്‍ ആരാണ് അഭ്യൂഹങ്ങള്‍ പരത്തിയതെന്ന് അറിയില്ല. വിമാനസൗകര്യമില്ലെന്ന കാരണത്താലാണ് കൊച്ചിയെ ഒഴിവാക്കിയത്. മത്സരക്രമം നേരത്തെ നിശ്ചയിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. കുറഞ്ഞ കാലയളവില്‍ വലിയ ജോലി ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കൊച്ചിക്കു സാധിച്ചു എന്നതാണ് ഇവിടെ പ്രധാനം.
പരിശീലന മൈതാനങ്ങളിലും വലിയ പുരോഗതിയുണ്ട്. 45 ദിവസം കൊണ്ടാണ് മൈതാനങ്ങള്‍ അടിമുടി മാറിയത്. ജൂലൈ ഒന്നിന് ഫിഫസംഘവും 8, 9, 10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും. ഈ അവസ്ഥയില്‍ പണികള്‍ പുരോഗമിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന് അഭിമാനിക്കാനുള്ള വകയായി കലൂര്‍ സ്റ്റേഡിയം മാറും.
സംസ്ഥാന സര്‍ക്കാർ, കേരള ഫുട്ബോള്‍ അസോസിയേഷൻ, ജിസിഡിഎ എന്നിവര്‍ ഫിഫയ്ക്കു നല്കിയ സഹകരണം എടുത്തുപറയേണ്ടതാണ്. 41,748 പേര്‍ക്കാണ് ഇപ്പോള്‍ കലൂര്‍ സ്റ്റേഡിയത്തില്‍ ഇരിപ്പിടസൗകര്യമുള്ളത്. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ടു മിനിട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാന്‍ കഴിയണമെന്നാണ് അന്താരാഷ്ട്ര മാനദണ്ഡം.
സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ പൂട്ടണമെന്ന് സെപ്പി വീണ്ടും ഓര്‍മിപ്പിച്ചു. അതു കൊണ്ടു തന്നെ സ്റ്റേഡിയത്തിന്റെ മുകളിലെ തട്ടിലേക്ക് കാണികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. എന്നാല്‍ സ്റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ നിലിവിലുള്ള വാതിലുകളും ഗോവണികളും കൊണ്ട് മുമ്പുണ്ടായിരുന്നത്ര ആളുകളെ എട്ടു മിനിട്ടില്‍ പുറത്തിറക്കാന്‍ പര്യാപ്തമല്ല എന്നു മനസിലാക്കി. ഇതു മൂലമാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐഎസ്എലിനു കൊച്ചിയിലുണ്ടായ ആരാധക ബാഹുല്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ലോകകപ്പ് ടിക്കറ്റ് വില്പന കൊച്ചിയില്‍ 1000ല്‍ താഴെ മാത്രമാണെന്നായിരുന്നു ഹാവിയര്‍ സെപ്പിയുടെ മറുപടി. ടിക്കറ്റ് വില്പന വര്‍ധിക്കുമെന്നാണ് വിശ്വാസമെന്നും മറ്റു പല വേദികളിലും ലോകകപ്പ് ടിക്കറ്റ് വലിയൊരളവു വരെ വിറ്റു കഴിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൽക്കത്തയില്‍ വില്പനയ്ക്ക് വച്ച് താമസിയാതെ ടിക്കറ്റ് വിറ്റു തീര്‍ന്നു. കൗമാരതാരങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ഭാവി താരങ്ങളാണിവരെന്നും സെപ്പി പറഞ്ഞു. 209 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന ടൂര്‍ണമെന്റാണ് ലോകകപ്പ്.
അതുകൊണ്ടു തന്നെ ടൂര്‍ണമെന്റ് വിജയകരമായി സംഘടിപ്പിക്കുക എന്നുള്ളത് ഇന്ത്യയുടെ അഭിമാന പ്രശ്നമാണെന്നും സെപ്പി വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതിയില്‍ നിന്നു ഹാവിയര്‍ സെപ്പി, ഹെഡ് ഓഫ് വെന്യൂ ഓപ്പറേഷന് റോമ ഖന്ന, പ്രോജക്ട് ഡയറക്ടര്‍ ജോയ് ഭട്ടാചാര്യ എന്നിവരുടെ സംഘമാണ് ഇന്നലെ മൈതാനങ്ങള്‍ വിലയിരുത്താനെത്തിയത്.
ടൂര്‍ണമെന്റിനായി കൊച്ചിയിലെത്തുന്ന ഓരോ ടീമിന്റെയും താമസം, യാത്ര തുടങ്ങിയ കാര്യങ്ങള്‍ സംഘം വിശദമായി പരിശോധിച്ചു. കലൂര്‍ സ്റ്റേഡിയം കൂടാതെ പരിശീന മൈതാനങ്ങളായ പനമ്പള്ളി സ്പോര്‍ട്സ് കൗണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട്കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകളും സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി. പരിശീലന മൈതാനങ്ങളില്‍ ഫ്ളഡ് ലൈറ്റ് സ്ഥാപിക്കുന്നതടക്കമുള്ള ജോലികളാണ് അവശേഷിക്കുന്നത്.
മൈതാനത്ത് പുല്ല് നട്ടുപിടിപ്പിക്കുന്ന ജോലികള്‍ മാത്രമാണ് ഇവിടെ പൂര്‍ത്തിയായത്. മഹാരാജാസ് ഗ്രൗണ്ടില്‍ ഒഴികെ ബാക്കിയുള്ള മൂന്നു വേദികളിലും ഫ്ളഡ് ലൈറ്റ് , ഡ്രസിംഗ് റൂം, ചുറ്റുമതില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല, ഇതിന് 30 വരെ സമയമുണ്ടെന്ന ആശ്വാസത്തിലാണ് സംഘാടകര്‍.
സ്റ്റേഡിയങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കഴിഞ്ഞ മാര്‍ച്ച് 24ന് ഫിഫ ടൂര്‍ണമെന്റ് ഹെഡ് ഹെയ്മി യാര്‍സയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ നടത്തിയ സന്ദര്‍ശനമാണ് ഒരുക്കങ്ങളില്‍ മെല്ലെപ്പോക്ക് നടത്തിയിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉണര്‍ത്തിയത്. ഒരുക്കങ്ങളിലെ ഇഴച്ചിലില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഹെയ്മി യാര്‍സ ഇവിടെ നടക്കാന്‍ പോകുന്നത് ഫിഫ ടൂര്‍ണമെന്റാണെന്ന കാര്യം ഓര്‍ക്കണമെന്ന് സംഘാടകര്‍ക്ക് മുന്നറിയിപ്പു നല്കി. കേന്ദ്ര കായിക മന്ത്രിയുടെ സന്ദര്‍ശനവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി.