ഫിഫയുടെ ഒരു ടൂര്‍ണമെന്റിന് ഇന്ത്യ ആദ്യമായി വേദിയൊരുക്കിയപ്പോള്‍ പല ആശങ്കകളുണ്ടായിരുന്നു. ലോകകപ്പ് പോലുള്ള ഒരു ടൂര്ണമെന്റായപ്പോള് ആ ആശങ്കകള്‍ വളരെ ശക്തമായിരുന്നു. ക്രിക്കറ്റിന് വളരെ വളക്കൂറുള്ള മണ്ണില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആളെത്തുമോ യൂറോപ്പിലെയും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലെയും കളിക്കാര്‍ക്ക് ഇന്ത്യയിലെ കാലാവസ്ഥയുമായി ഇണങ്ങാനാകുമോ വേദികള്‍ തമ്മിലുള്ള ദൂരം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമോ എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആദ്യം ആശങ്കപ്പെടുത്തി. എന്നാല്‍ എല്ലാ ആശങ്കകളും അസ്ഥാനത്താക്കി ഇന്ത്യ ആദ്യമായി വേദിയൊരുക്കിയ ഫിഫ അണ്ടര്‍ 17 ലോകകപ്പ് വലിയ വിജയമാണ് നേടിയത്.
ഇരട്ട റിക്കാര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ കാണാനായെത്തിയ കാണികളുടെ എണ്ണത്തിലും അടിച്ച ഗോളുകളുടെ എണ്ണത്തിലും പുതിയ റിക്കാര്ഡിടാന് ഒരുങ്ങുകയാണ്. ഏറ്റവും കൂടുതല്‍ പേര് നേരിട്ടു കണ്ട അണ്ടര്‍ 17 ലോകകപ്പ് ടൂര്‍ണമെന്റ്, ഏറ്റവും കൂടുതല്‍ ഗോള്‍ കണ്ട ടൂര്‍ണമെന്റ് എന്നീ റിക്കാര്ഡുകളാകും ഇന്ത്യയില്‍ പുതിയതായി എഴുതിച്ചേര്‍ക്കുക. ശനിയാഴ്ച സമാപിക്കുന്ന ടൂര്‍ണമെന്റോടെ ഇന്ത്യ വേദിയായ ലോകകപ്പ് ഈ റിക്കാര്‍ഡുകളെല്ലാം സ്വന്തമാക്കും.
കാണികളില്‍ റിക്കാര്‍ഡ്
ഇന്ത്യയിലെ ആറു വേദികളിലായി ഇതുവരെ പൂര്‍ത്തിയായ 50 മത്സരം കണ്ടത് 12,24,027 പേരാണ്. 1985 ലെ ആദ്യ അണ്ടര്‍ 17 ലോകകപ്പ് മത്സരം കണ്ട കാണികളുടെ എണ്ണത്തെക്കാള്‍ 6949 പേരുടെ കുറവേ ഉള്ളൂ. ചൈനയില്‍ നടന്ന ആദ്യ പതിപ്പ് കണ്ടത് 12,30,976 പേരാണ്. ഇന്ത്യ ആതിഥേയരായ ലോകകപ്പില്‍ ഇനി കോല്‍ക്കത്ത സോള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ ഫൈനലും മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരവും നടന്നു കഴിയുമ്പോള്‍ ഇന്ത്യ പുതിയ റിക്കാര്‍ഡ് എഴുതും.
2011ല്‍ മെക്സിക്കോ വേദിയൊരുക്കിയ ലോകകപ്പ് മത്സരം നേരിട്ടു കണ്ടത് 10,02,314 പേരാണ്. ഇതോടെ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തുമ്പോള്‍ മെക്സിക്കോ ലോകകപ്പ് കാണികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തേക്കു മാറും. ഇന്ത്യയില്‍ അണ്ടര്‍ 17 മത്സരങ്ങളില്‍ പ്രീക്വാര്‍ട്ടറിന്റെ അവസാന റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കാണികളുടെ എണ്ണത്തില്‍ ഇന്ത്യ പത്തുലക്ഷത്തിന് അടുത്തെത്തി.
2005 പെറു വേദിയായ ലോകകപ്പ് വരെ പതിനാറു ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. അന്ന് വരെ ടൂര്‍ണമെന്റ് ഫിഫ അണ്ടര്‍ 17 ലോക ചാമ്പ്യന്‍ഷിപ്പ് എന്നാണ് അറിയപ്പെട്ടത്. 2007 ദക്ഷിണ കൊറിയ വേദിയൊരുക്കിയ ടൂര്‍ണമെന്റില്‍ 24 ടീമുകളാണ് പങ്കെടുത്തത്. മത്സരങ്ങളുടെ എണ്ണം 32 ല്‍നിന്ന് 52 ആയി ഉയര്‍ന്നു.
ശനിയാഴ്ച ടൂര്‍ണമെന്റിനു കൊടിയിറങ്ങുമ്പോള്‍ മത്സരം കണ്ട ശരാശരി കാണികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തും. സോള്‍ട്ട് ലേക് സ്റ്റേഡിയമാണ് ഏറ്റവും കൂടുതല്‍ കാണികളെ സ്വീകരിച്ചത്. ഇവിടെ നടന്ന ഒമ്പത് മത്സരങ്ങള്‍ കണ്ടത് 4,85,693 പേരായിരുന്നു. ശരാശരി 53,965 പേരാണ് കോല്‍ക്കത്തയില്‍ മത്സരത്തിന് ആവേശം പകരാനെത്തിയത്. സോള്‍ട്ട് ലേക് സ്റ്റേഡിയത്തിലെ ഫൈനല്‍ കാണാന്‍ സ്റ്റേഡിയം നിറയും. ഫൈനലിനുള്ള 66,687 ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയി. ഈ സ്റ്റേഡിയത്തില്‍ നടന്ന കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ ബ്രസീല്‍-ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനല്‍ 66,613 പേരും ബ്രസീല്‍-ഇംഗ്ലണ്ട് സെമി ഫൈനല്‍ 63,881 പേരുമാണ് കണ്ടത്. നവി മുംബൈയിലെ ഡി.വൈ. പട്ടീല്‍ സ്റ്റേഡിയത്തില്‍ സ്പെയിന്-മാലി സെമി ഫൈനല്‍ കണ്ടത് 37,487 പേരാണ്.
ഗോളെണ്ണവും റിക്കാര്‍ഡിലേക്ക്
കാണികളുടെ എണ്ണത്തിൽ പുതിയ റിക്കാര്‍ഡ് ഇടാന്‍ ഒരുങ്ങുമ്പോള്‍ത്തന്നെ ഇന്ത്യ മറ്റൊരു റിക്കാര്ഡിലേക്കുകൂടി നീങ്ങുകയാണ്. ഏറ്റവും കൂടുതല്‍ ഗോള്‍ പിറന്ന ടൂര്ണമെന്റിലേക്കെത്താന് ഇന്ത്യയില്‍ രണ്ടു മത്സരം കൂടി ശേഷിക്കുന്നുണ്ട്. 50 കളിയില്‍ 170 ഗോളാണ് ഇതുവരെ പിറന്നത്. ശരാശരി 3.5 ഗോളുകളാണ് ഇന്ത്യ കണ്ടത്. ഇനി രണ്ടു കളി കൂടിയുള്ളപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ കണ്ട 2013ല്‍ യുഎഇയില്‍ നടന്ന ലോകകപ്പിനെ ഇന്ത്യ മറികടക്കും. 172 ഗോളാണ് യുഎഇയില്‍ പിറന്നത്.ഇന്ത്യയുടെ ചൂടുകാലാവസ്ഥയും വേദികള്‍ തമ്മിലുള്ള ദൂരവും കളിക്കാരുടെ മികവിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് അടിച്ച ഗോളുകളുടെ എണ്ണം കാണിക്കുന്നത്.
ഗോളടിയില്‍ മുമ്പന്‍ ഇംഗ്ലണ്ട്
അണ്ടര്‍ 17 ലോകകപ്പ് ഫൈനലില്‍ ആദ്യമായെത്തിയ ഇംഗ്ലണ്ടാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ടോപ് സ്കോറര്‍ പദവിയില്‍ നിലവിലുള്ളതും ഇംഗ്ലണ്ട് സ്ട്രൈക്കര്‍ റയാന് ബ്രൂസ്റ്ററാണ്. ഇംഗ്ലണ്ട് നേടിയ 18 ഗോളുകളില്‍ 14 എണ്ണം ഓപ്പണ്‍ പ്ലെയിലൂടെയും നാലെണ്ണം സെറ്റ് പീസുകളില്നിന്നുമായിരുന്നു. ശരാശരി 7.3 ഗോളാണ് ഇംഗ്ലണ്ട് നേടിയത്. 16 ഗോളുമായി മാലിയാണ് ഗോളടിയില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ സേവ് നടത്തിയത് ബ്രസീല്‍ ഗോള്‍കീപ്പര്‍ ഗബ്രിയേല്‍ ബ്രാസോവയാണ്. 19 സേവുകള്‍ നടത്തിയപ്പോള്‍ അഞ്ചു ഗോള്‍ മാത്രമാണ് വഴങ്ങിയത്.
ഗോളടിയിൽ മുന്നിലെത്താൻ രണ്ടു പേരാണ് മത്സരിക്കുന്നത്. ഇംഗ്ലണ്ടിന്റെ റയാൻ ബ്രൂസ്റ്റർ ഏഴു ഗോളുമായി ഒന്നാം സ്ഥാനത്തു നിൽക്കുന്പോൾ സ്പെയിൻ സ്ട്രൈക്കർ ആബൽ റൂയിസ് ആറു ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്. രണ്ടു പേരും ഫൈനലിൽ ഇറങ്ങുന്പോൾ ലോക കിരീടത്തിനു പുറമെ ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള പോരാട്ടം കൂടിയാകും.
സ്വദേശത്തെ വിവിധ ക്ലബ്ബുകളിൽ പയറ്റിത്തെളിഞ്ഞ കൗമാര താരങ്ങൾ ഇന്ത്യയിലെത്തിയപ്പോൾ അവരുടെ പ്രകടനം ഒട്ടും ഒളിമങ്ങാതെ ഇവിടെയും നിലനിർത്താനായി. ഭാവി ഫുട്ബോളിലെ വാഗ്ദാനങ്ങളാണ് തങ്ങളെന്ന് തെളിയിക്കാൻ ഇവർക്കായി. റയാൻ ബ്രൂസ്റ്റർ, ആബൽ റൂയിസ്, ലാസന എൻഡയേ, യാൻ ഫീറ്റ് ആർപ്, അമിനെ ഗൗറി, ജോർദൻ സാഞ്ചോ, പൗളിഞ്ഞോ, ലിങ്കൻ, ബ്രെന്നർ, മുഹമ്മദ് ദാവൂദ്, ടി വിയ എന്നിവരിൽ പേരിനൊത്ത പ്രകടനം പുറത്തെടുത്തു. ഭാവി ഫുട്ബോൾ തങ്ങളിൽ ഭദ്രമാണെന്ന് ഇവർ തെളിയിച്ചു.
മാത്തുക്കുട്ടി ടി. കൂട്ടുമ്മേൽ