കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനു വേണ്ടി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടമുറികൾ ഒരു മാസം അടച്ചിടണമെന്ന നിർദേശത്തിനെതിരേ കടയുടമകൾ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. എറണാകുളം ചങ്ങന്പുഴനഗർ സ്വദേശി വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 45 വ്യാപാരികൾ നൽകിയ ഹർജിയാണു സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കടകൾ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിർദേശമനുസരിച്ചു ലോകകപ്പിനു വേണ്ടി ഒക്ടോബർ 25വരെ കടമുറികൾ അടച്ചിടാനാണു ജിസിഡിഎ (വിശാലകൊച്ചി വികസന അഥോറിറ്റി) കടയുടമകൾക്കു നോട്ടീസ് നൽകിയത്. ഇതു ചോദ്യംചെയ്താണു ഹർജി. സുരക്ഷയുടെ പേരിൽ ഒരു മാസത്തേക്ക് കടകൾ അടച്ചിടേണ്ടി വരുന്പോൾ ഇതിനുള്ള നഷ്ടപരിഹാരമായി നിശ്ചിതതുക വ്യാപാരികൾക്കു നൽകുന്ന കാര്യം പരിഗണിക്കണമെന്നു സിംഗിൾബെഞ്ച് വാക്കാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.