ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് പന്തുരുളാൻ 1000 ദിനങ്ങൾശേഷിക്കുന്നതിന്റെ ആഘോഷം നടത്തി. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന്റെ ഇതുവരെയുള്ള മുന്നൊരുക്കങ്ങൾ വിശകലനം ചെയ്തു. മിഡിൽ ഈസ്റ്റിൽ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ഖത്തറിൽ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്.
ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളിൽ രണ്ട് എണ്ണം ഇതിനോടകം തുറന്നു. ശേഷിക്കുന്നതിൽ മൂന്ന് എണ്ണം കൂടി ഈ വർഷം പണിപൂർത്തിയാക്കി തുറക്കും.
വിമാനത്താവളത്തിന്റെ വലുപ്പം കൂട്ടൽ, മെട്രോയിൽ പുതിയ ലൈനുകൾ, പുതിയ റോഡുകൾ തുടങ്ങിയ നവീകരണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നു. ഖത്തർ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ട് പോരാട്ടങ്ങളിലെ 900 മത്സരങ്ങളിൽ 136ഉം പൂർത്തിയായി.
ഖലീഫ ഇന്റർനാഷണൽ, അൽ ജനോബ് സ്റ്റേഡിയങ്ങളാണ് മത്സരങ്ങൾക്കായി ഇതിനോടകം തുറന്നിരിക്കുന്നത്. എജ്യൂക്കേഷൻ സിറ്റി, അൽ റയാൻ, അൽ ബത്യ സ്റ്റേഡിയങ്ങളാണ് ഈ വർഷം തുറക്കുക.
ലോകകപ്പ് കിക്കോഫിലേക്ക് 1000 ദിനങ്ങൾ ശേഷിക്കേ മുന്പുള്ള ഒരു ആതിഥേയ രാജ്യവും നടത്താത്ത അത്ര മുന്നൊരുക്കങ്ങളാണ് ഖത്തർ ഇതിനോടകം നടത്തിയിരിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. 2022 നവംബർ 21 മുതൽ ഡിസംബർ 18വരെയാണ് ഖത്തർ ലോകകപ്പ് ഫുട്ബോൾ.