കൊച്ചി: ആശങ്കകളും പ്രതിസന്ധികളും ഒഴിഞ്ഞ കൊച്ചിയിൽ നാളെ മുതൽ കാൽപ്പന്തുകളിയുടെ ആവേശാരവങ്ങളുയരും. ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിൽ കിരീടമുയർത്തുന്ന യുവ രാജാക്കന്മാർക്കു നൽകാനുള്ള കപ്പ് നാളെ നഗരത്തിലെത്തും. ത്രിദിന പര്യടനത്തിനായി കൊച്ചിയിലെത്തിക്കുന്ന ട്രോഫിക്ക് ആവേശ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
നാളെ രാവിലെ 10.45ന് ലോകകപ്പ് വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങളുടെ അകന്പടിയോടെ കപ്പിനെ വരവേൽക്കും. കായിക മന്ത്രി എ.സി. മൊയ്തീൻ ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. തുടർന്നു ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ആലപിക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമാകും ഈ ചടങ്ങിലേക്കു പ്രവേശനം. 11.30 മുതൽ മൂന്നു മണിക്കൂർ പൊതു ജനങ്ങൾക്കു ട്രോഫി കാണുന്നതിനുള്ള അവസരം ലഭിക്കും. സ്റ്റേഡിയത്തിന്റെ ഒന്നാം നന്പർ ഗേറ്റിലൂടെയാണ് ഇതിനുള്ള പ്രവേശന സംവിധാനം ഒരുക്കിയിരിക്കുന്നത്.
പര്യടനം അവസാനിക്കുന്ന 24വരെ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 23നു കലൂർ സ്റ്റേഡിയത്തിൽനിന്നു ട്രോഫി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള അംബേദ്കർ മൈതാനത്തേക്കു കൊണ്ടു പോകും. ഇവിടെ അണ്ടർ 17 ലോകകപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ഫിഫ ഇലവൻ മില്യണ് സംസ്ഥാനതല ഫെസ്റ്റിവൽ അരങ്ങേറും.
രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെ വിദ്യാർഥികൾക്കു ട്രോഫി കാണുന്നതിനു പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ട്. 24നു ട്രോഫി ഫോർട്ടുകൊച്ചിയിൽ എത്തിക്കും. ഫോർട്ടുകൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ട്രോഫി പ്രദർശിപ്പിക്കും. തുടർന്നു നാലു മണിക്കൂർ നീളുന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇതോടെ മൂന്നു ദിവസം നീളുന്ന കൊച്ചിയിലെ ട്രോഫി പര്യടനം പൂർത്തിയാകും.