കൊച്ചി: കാൽപ്പന്തു കളിയുടെ ആവേശം ഇനി ഗോൾ പോസ്റ്റുകൾ നിറയ്ക്കും. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വിരുന്നെത്തുന്ന അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ആവേശം പൊതുജനങ്ങളിലെത്തിക്കാൻ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ വിഭാവനം ചെയ്ത വണ്‍ മില്യണ്‍ ഗോൾ പ്രചാരണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഗോൾ പോസ്റ്റുകൾ സജ്ജമായി. നാളെ ഉച്ചകഴിഞ്ഞു മൂന്നു തൊട്ട് വൈകിട്ട് ഏഴുവരെയാണു വണ്‍ മില്യണ്‍ ഗോളിനായി കേരളമാകെ പന്ത് തട്ടുന്നത്.
കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടിൽ സജ്ജമാക്കിയ ഗോൾ പോസ്റ്റിൽ ജില്ലാ കളക്ടർ മുഹമ്മദ് സഫീറുള്ള ആദ്യ ഗോളടിച്ചു. കാൽപ്പന്തുകളിയുടെ ആവേശം മുഴുവൻ ജനങ്ങളിലുമെത്തിക്കുന്ന പരിപാടിയുടെ വിജയത്തിന് എല്ലാവരുടെയും കൂട്ടായ സഹകരണമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകകപ്പിന്റെ ഭാഗമായുള്ള വണ്‍ മില്യണ്‍ ഗോളുകൾ എന്ന നൂതനാശയം നടപ്പാക്കുന്നതിന് എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് സക്കീർ ഹുസൈൻ പറഞ്ഞു. ഓരോ ഗ്രാമപഞ്ചായത്തിലും 2,000 ഗോളുകൾ, ഓരോ മുനിസിപ്പാലിറ്റിയിലും 10,000 ഗോളുകൾ, ഓരോ കോർപറേഷനിലും 15,000 ഗോളുകൾ എന്നിങ്ങനെയാണ് ഉദ്ദ്യേശിക്കുന്നത്. ഓരോ പഞ്ചായത്തിലും കുറഞ്ഞതു രണ്ടും മുനിസിപ്പാലിറ്റിയിൽ അഞ്ചും കോർപറേഷനിൽ പത്തും ഗോൾ പോസ്റ്റുകൾ വീതം ക്രമീകരിക്കും.
ഓരോ കേന്ദ്രങ്ങളിലും രണ്ടു വീതം വോളന്റിയർമാരെ വീതം ആകെ അറുനൂറോളം പേരെ നിയോഗിക്കും. നെഹ്റു യുവ കേന്ദ്ര, എൻഎസ്എസ്, യുവജനക്ഷേമ ബോർഡ്, സ്കൂൾ/കോളജ് കായിക വിഭാഗങ്ങളിൽനിന്നായാണു വോളൻഡിയർമാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ലുലു മാളിലാകും വണ്‍ മില്യണ്‍ ഗോളിന്റെ വിഐപി സെന്റർ പ്രവർത്തിക്കുക.
എല്ലാ ഗോൾ പോസ്റ്റുകളിൽനിന്നുമുള്ള ഗോൾ സ്കോർ വിവരങ്ങൾ ഇവിടെ നിന്നറിയാം. പ്രശസ്ത ഫുട്ബാൾ താരം സി.കെ. വിനീത് ലുലു മാളിലെത്തി പരിപാടിയുടെ ഭാഗമാകും. സ്കൂൾ/ കോളജ്, പൊതു-സ്വകാര്യ കളിസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം കാന്പയിൻ നടത്തും. ഒരു വ്യക്തിക്ക് ഒരു ഗോൾ മാത്രമേ അനുവദിക്കൂ. ഗോൾ കീപ്പർ ഉണ്ടാകുന്നതല്ല. പെനാൽറ്റി സ്പോട്ടിൽനിന്നാണു കിക്കുകൾ എടുക്കേണ്ടത്.
വണ്‍ മില്യണ്‍ ഗോളിനു വേണ്ടി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തും. ഓരോ ജില്ലയിൽനിന്നും കാന്പയിനിൽ പങ്കെടുത്ത ഗോൾ അടിക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ടു പേർക്കു വീതം ഫിഫ അണ്ടർ 17 ലോകകപ്പിലെ കൊച്ചിയിൽ നടക്കുന്ന ഓരോ മത്സരം കാണാനുള്ള അവസരം നൽകും.
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഫിഫ അണ്ടർ 17 വേൾഡ് കപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കെ ഗോളടിക്കാനൊരുങ്ങി കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ’വണ്‍ മില്യണ്‍ ഗോൾ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഗോളടിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്യും. തുടർന്ന് മറ്റു മന്ത്രിമാരും ഗോളടിക്കും. കായികമന്ത്രി എ.സി. മൊയ്തീൻ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, പ്രമുഖ ഫുട്ബോൾ താരങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ, സംസ്ഥാന കായിക, യുവജന കാര്യാലയം എന്നിവയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും സംഘടനകളെയും സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകൾ, 87 മുനിസിപ്പാലിറ്റികൾ, ആറ് കോർപറേഷനുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും ഒരേ സമയം ഗോളുകൾ വർഷിച്ചാണ് പ്രചാരണം. പ്രായഭേദമെന്യേ വണ്‍ മില്യണ്‍ ഗോൾ പരിപാടിയിൽ ആർക്കും പങ്കെടുക്കാം.
ഇന്ത്യൻ ടീമിൽ മാറ്റം
പനാജി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യന്‍ടീമില്‍ അവസാന നിമിഷം അഴിച്ചു പണി. ഒരു താരം വയസിന്റെ മാനദണ്ഡത്തിനു കീഴില്‍ വരാതിരുന്നതാണ് കോച്ച് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസിനെ ടീമില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാക്കിയത്.
മത്സരം നടക്കുന്ന കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നതു വരെ 17 വയസ് മറികടക്കാന്‍ പാടില്ലെന്നതാണ് ഫിഫയുടെ നിബന്ധന. 2000 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്ക് മാത്രമേ അണ്ടര്‍ 17ല്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂ. മാഗ്നറ്റിക് റിസോണന്‍സ് ഇമേജിംഗ് (എംആര്‍ഐ) ടെസ്റ്റിലൂടെയാണ് കളിക്കാരുടെ യോഗ്യത നിര്‍ണയിച്ചതെന്നും ഇതിന് പ്രകാരമാണ് ഒരു താരം പുറത്തായതെന്നും കോച്ച് പറഞ്ഞു. ടീമില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്ന താരമാണ് പുറത്തായത്.